Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വിപണിയിൽ കിയയുടെ വരവ് നേരത്തെയാകും

kia-suv

ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടേഴ്സിന്‍റെ ഇന്ത്യൻ വിപണിയിലെ പ്രവേശനം ഏപ്രിലിൽ ഉണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോർട്ട്. മുൻ നിശ്ചയിച്ചതിൽ നിന്നും നാലു മാസം നേരത്തെയാണ് പുതിയ കോംപാക്ട് എസ് യു വിയുമായി കിയ ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുന്നത്. ആന്ധ്രപ്രദേശിലെ യെരാമാഞ്ചിയിൽ ആരംഭിക്കുന്ന പ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങൾ 60 ദിവസം മുമ്പ് പൂർത്തിയാകുമെന്നതാണ് ഈ തീരുമാനത്തിനു പിന്നിലെ പ്രധാനകാരണം. 

2019 തുടക്കത്തിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇതിനോടകം തന്നെ ശക്തമായ വിതരണ ശൃംഖലയും സജ്ജമാക്കാനാകുമെന്ന വിശ്വാസത്തിലാണ് പൂർണ തോതിലുള്ള കാർ നിർമാണ ശാലയാണ് കിയ ആന്ധ്രപ്രദേശിൽ സ്ഥാപിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ആദ്യ മോഡലായ കോംപാക്ട് എസ് യു വി പുറത്തിറക്കാനാകുമെന്നാണ് നിലവിലെ പ്രതീക്ഷ. മാർച്ച് അവസോനത്തോടെ മാത്രമേ കാറിന്‍റെ ബുക്കിങ് ആരംഭിക്കാൻ സാധ്യതയുള്ളൂ. മെയ് അവസോനത്തോടെ വിതരണവും. ഏപ്രിലില്‍ പുതിയ കാർ വിപണിയിലെത്തിക്കുന്ന കാര്യം ഇതിനോടകം കരാറിലേർപ്പെട്ടിട്ടുള്ള വിതരണക്കാരെ കിയ അറിയിച്ചു കഴിഞ്ഞതായാണ് സൂചന. 

കിയ എസ്പിയ്ക്ക് ലഭിക്കുന്ന പ്രതികരണം മനസിലാക്കിയതിന് ശേഷമായിരിക്കും കിയ അടുത്ത വാഹനം പുറത്തിറക്കുക. യുവി സെഗ്മെന്‍റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പരിപാടി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ വിപണിയായ ഇന്ത്യയിലും വിജയം ആവര്‍ത്തിക്കുക എന്നതാണ് കിയയുടെ ലക്ഷ്യം. ലോകോത്തര ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതോടൊപ്പം ഇന്ത്യന്‍ വാഹന വ്യവസായ രംഗത്ത് പുതിയ നിലവാരം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കിയ മോട്ടേഴ്സ് കോര്‍പ്പറേഷന്‍ പ്രസിഡന്‍റ് ഹാന്‍ വൂ പാര്‍ക്ക് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് ഇന്ത്യയിലേയ്ക്കുള്ള എസ് പി കൺസെപ്റ്റ്, കിയ പ്രദർശിപ്പിക്കുന്നത്. ക്രേറ്റ, എസ് ക്രോസ്, ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുടെ വിപണിയാണ് എസ്പി ലക്ഷ്യം വെക്കുന്നത്. 1.5 ലീറ്റർ ഡീസൽ, 1.6 ലീറ്റർ പെട്രോൾ എൻജിനുകളോടെയായിരിക്കും ഈ ചെറു എസ് യു വി എത്തുക. ഇന്ത്യന്‍ പാരമ്പര്യത്തിന്റെയും നൂതനമായ സാങ്കേതിക വിദ്യയുടെയും പ്രചോദനം ഉള്‍കൊണ്ടാണ് എസ് പിയുടെ രൂപകല്പന. എസ്പി കോണ്‍സപ്റ്റ് കാറുള്‍പ്പെടെ ഇന്നോവയുടെ എതിരാളി ഗ്രാൻഡ് കാർണിവെൽ, ലക്ഷ്വറി സെഡാൻ, പ്രീമിയം എസ്‌യുവി തുടങ്ങി ആഗോള തലത്തിലുള്ള നിരവധി വാഹനങ്ങളെ കിയ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു.