Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ട ബലേനൊയും ബ്രെസയും ബെംഗളൂരു ശാലയിൽ നിന്ന്

brezza-baleno

ബെംഗളൂരുവിലെ ശാലയിൽ സുസുക്കി കാറുകൾ നിർമിച്ചു നൽകാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഒരുങ്ങുന്നു. സുസുക്കിയും ടൊയോട്ടയും പരസ്പര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു ടി കെ എമ്മിന്റെ ബിദഡി ശാലയിൽ ലഭ്യമായ അധിക ഉൽപ്പാദനശേഷി സുസുക്കി പ്രയോജനപ്പെടുത്തുന്നത്. നിലവിൽ എൻട്രി ലവൽ സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യുമാണു ടി കെ എം ബിദഡിയിൽ നിർമിക്കുന്നത്. ഈ ശാലയിൽ സുസുക്കിയുടെ കാറുകൾ ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതാപഠനം പുരോഗമിക്കുകയാണെന്നാണു സൂചന. 

ടി കെ എമ്മിന്റെ രണ്ടാം ശാലയുടെ ഉൽപ്പാദനശേഷിയുടെ ഒരു വിഹിതം മാത്രമാണു കമ്പനി നിലവിൽ വിനിയോഗിക്കുന്നത്. അവശേഷിക്കുന്ന ഉൽപ്പാദന സൗകര്യം സുസുക്കിക്കായി പ്രയോജനപ്പെടുത്താനാണു കമ്പനിയുടെ നീക്കം. ഹരിയാനയിലെ മനേസാറിലും ഗുരുഗ്രാമിലും മാരുതി സുസുക്കിക്കും ഗുജറാത്തിലെ ഹൻസാൽപൂരിൽ സുസുക്കി മോട്ടോർ കോർപറേഷനും നിർമാണശാലകളുണ്ടെങ്കിലും മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകൾ ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിലണു ടൊയോട്ടയുടെ സൗകര്യം പ്രയോജനപ്പെടുത്തി അധിക ഉൽപ്പാദനം കൈവരിക്കാൻ സുസുക്കി തയാറെടുക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ഇരുകമ്പനികളുടെയും മുതിർന്ന എക്സിക്യൂട്ടീവുകൾ പങ്കാളിയുടെ നിർമാണശാലകൾ സന്ദർശിച്ചു ഗുണനിലവാര പരിശോധന നടത്തിയിരുന്നു. 

പങ്കാളികളുടെ മോഡലുകൾ ബാഡ്ജ് എൻജിനീയറിങ് വ്യവസ്ഥയിൽ നിർമിച്ചു വിൽക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ മാർച്ചിലാണു സുസുക്കിയും ടൊയോട്ടയും ധാരണാപത്രം ഒപ്പിട്ടത്. ഇതോടെ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യും കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘വിറ്റാര ബ്രേസ’യുമാണു ടൊയോട്ട ബാഡ്ജിൽ വിൽപ്പനയ്ക്കെത്തുക. സുസുക്കിയാവട്ടെ ടൊയോട്ട ശ്രേണിയിലെ സെഡാനായ ‘കൊറോള’  നിർമിച്ചു മാരുതി സുസുക്കിയുടെ ബ്രാൻഡിൽ വിൽക്കാനാണു തയാറെടുക്കുന്നത്.