Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയുടെ ഇടിവ്: കാർ വില കൂട്ടേണ്ടി വരുമെന്നു ഹോണ്ട

honda-amaze

ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്ന തിരിച്ചടി തുടർന്നാൽ ഇന്ത്യയിലെ കാർ വില വർധിപ്പിക്കേണ്ടി വരുമെന്ന് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). ഡോളറുമായുള്ള വിനിമയത്തിൽ റെക്കോഡ് തകർച്ചയാണു രൂപ നേടിരുന്നത്; രൂപയുടെ മൂല്യം ബുധനാഴ്ഛ ഒരു ഡോളറിന്  72.91 രൂപ എന്ന നിലയിലേക്കു വരെ താഴ്ന്നിരുന്നു.

എങ്കിലും രൂപ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിൽ നഷ്ടം ഏറ്റെടുക്കുകയാണെന്നു ഹോണ്ട വിശദീകരിക്കുന്നു. എന്നാൽ രൂപയുടെ മൂല്യം 72ലേക്ക് താഴുമോ 69ലേക്ക് ഉയരുമോ എന്നറിയാത്ത അനിശ്ചിതത്വത്തിലാണു കമ്പനിയെന്ന് ഹോണ്ട കാഴ്സ് സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടറുമായ രാജേഷ് ഗോയൽ വിശദീകരിച്ചു. രൂപ നില മെച്ചപ്പെടുത്തിയില്ലെങ്കിൽ വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യൻ വിപണി ഉത്സവകാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ കാർ വില വർധിപ്പിക്കാൻ ഹോണ്ടയ്ക്കു തീരെ താൽപര്യമില്ലെന്നും ഗോയൽ വെളിപ്പെടുത്തി. പകരം രൂപ കരുത്താർജിക്കുമെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണു ഹോണ്ട. ഉൽപ്പാദനചെലവ് ഉയർന്നതിനെ തുടർന്ന് ഓഗസ്റ്റിൽ ഹോണ്ട വാഹന വില വർധിപ്പിച്ചിരുന്നു; വിവിധ മോഡലുകളുടെ വിലയിൽ 35,000 രൂപയുടെ വരെ വർധനയാണ് അന്നു കമ്പനി നടപ്പാക്കിയത്. 

കാറുകളിൽ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയർന്ന തലത്തിലാണെന്നു ഗോയൽ അവകാശപ്പെട്ടു; ‘അമെയ്സ്’ പോലെ വ്യാപക വിൽപ്പനയുള്ള പല മോഡലുകളിലും ഇന്ത്യൻ നിർമിത ഘടകങ്ങളുടെ വിഹിതം 96% വരെയാണ്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഗണ്യമായി ഉയർത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. എങ്കിലും രൂപയ്ക്കു നേരിട്ട കനത്ത മൂല്യത്തകർച്ച പരിഗണിക്കുമ്പോൾ വാഹന വില വർധന അനിവാര്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 72 രൂപയോളം താഴുമെന്നത് ആരും മുൻകൂട്ടികണ്ട സാഹചര്യമല്ലെന്നും ഗോയൽ ഓർമിപ്പിച്ചു.