Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുഗ്രാം ശാല മാറ്റം അനിവാര്യമെന്നു മാരുതി സുസുക്കി

maruti-suzuki

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കാർ നിർമാണശാല മാറ്റി സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നു രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. സ്ഥലപരിമിതിയും ഗതാഗതക്കുരുക്കുമൊക്കെ പരിഗണിച്ചാണു ശാലയുടെ സ്ഥാപനമാറ്റം അനിവാര്യമാണെന്നു കമ്പനി വിലയിരുത്തുന്നത്.  ശാലയ്ക്കായി സംസ്ഥാനത്തു തന്നെ പുതിയ സ്ഥലം കണ്ടെത്താൻ കമ്പനി അധികൃതരും ഹരിയാന സർക്കാരുമായി അടുത്തയിടെ ചർച്ചകൾ നടത്തിയിരുന്നു. നിലവിൽ കമ്പനിയുടെ രണ്ടാം ശാല പ്രവർത്തിക്കുന്ന മനേസാറിനടുത്തു സ്ഥലം കണ്ടെത്താനാണു മാരുതി സുസുക്കിക്കു താൽപര്യം. ഇതുവഴി മനേസാറിലൈ വെണ്ടർമാരുടെ സേവനം തന്നെ പുതിയ ശാലയ്ക്കു പ്രയോജനപ്പെടുത്താമെന്നതാണു നേട്ടം. 

ഗുരുഗ്രാം ശാല മാറ്റി സ്ഥാപിക്കാതെ മറ്റു മാർഗമില്ലെന്നു മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ അഭിപ്രായപ്പെട്ടു. എന്നാൽ എപ്പോഴാണു ശാല മാറ്റി സ്ഥാപിക്കുകയെന്നോ എവിടേക്കാണു ശാല മാറ്റുകയെന്നോ ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഗുരുഗ്രാം ശാല മാറ്റുന്നതു സംബന്ധിച്ച സമയക്രമമെന്തെങ്കിലും വെളിപ്പെടുത്താനും ഭാർഗവ വിസമ്മതിച്ചു. 1983ൽ ഈ ശാലയിൽ നിർമിച്ച ‘മാരുതി 800’ കാറുമായിട്ടാണു മാരുതി സുസുക്കി ഇന്ത്യൻ വിപണിയിലെ ജൈത്രയാത്രയ്ക്കു തുടക്കമിട്ടത്. ഇപ്പോഴാവട്ടെ ‘ഓൾട്ടോ’, ‘വാഗൻ ആർ’ തുടങ്ങിയ കാറുകളാണു മാരുതി ഗുരുഗ്രാമിൽ നിർമിക്കുന്നത്; പ്രതിവർഷം ഏഴു ലക്ഷം യൂണിറ്റാണു ശാലയുടെ ഉൽപ്പാദനശേഷി.

കഴിഞ്ഞ വർഷങ്ങൾക്കിടെ രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിൽപെട്ട ഗുരുഗ്രാം കൈവരിച്ച വൻമുന്നേറ്റമാണു മാരുതി സുസുക്കിക്കു തലവേദന സൃഷ്ടിച്ചത്. നിർമാണശാല തിരക്കേറിയ നഗരത്തിന്റെ മധ്യത്തിലായതോടെ അസംസ്കൃത വസ്തുക്കൾ കയറ്റിയ ട്രക്കുകളുടെ യാത്ര ക്ലേശകരമായി; ഗുരുഗ്രാമിൽ നിർമിക്കുന്ന കാറുകൾ ട്രെയ്ലറുകളിൽ പുറത്തേക്ക് അയയ്ക്കാനും മാരുതി സുസുക്കി ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പോരെങ്കിൽ കാർ നിർമാണശാല സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിനെതിരെ പ്രദേശവാസികളും പ്രാദേശിക ഭരണകൂടവുമൊക്കെ രംഗത്തിറങ്ങിയിട്ടുണ്ട്. 

ഗുരുഗ്രാമിലും മനേസാറിലുമായി പ്രതിവർഷം 15.50 ലക്ഷം കാറുകളാണു മാരുതി സുസുക്കി നിർമിക്കുന്നത്. ഇതിനു പുറമെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷന്റെ ഉടമസ്ഥതയിൽ ഗുജറാത്തിലെ ഹൻസാൽപൂരിലും പുതിയ നിർമാണശാല പ്രവർത്തനക്ഷമമായിട്ടുണ്ട്; ആദ്യ അസംബ്ലി ലൈനിനു പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റാണ് ഉൽപ്പാദനശേഷി. അടുത്ത വർഷത്തോടെ രണ്ടാം അസംബ്ലി ലൈനും പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. 2020 ആകുന്നതോടെ ഈ ശാലയിലെ മൂന്നാമത്തെ അസംബ്ലി ലൈനും പ്രവർത്തനക്ഷമമാക്കാനാണു സുസുക്കിയുടെ പദ്ധതി. 2025ൽ 30 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷി കൈവരിക്കാനാണു മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.