Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കാർ സാൻട്രോ തന്നെ, ബുക്കിങ് ഒക്ടോബർ 10 മുതൽ

hyundai-santro Old Santro, Representative Image

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) അവതരിപ്പിക്കുന്ന പുത്തൻ ഹാച്ച്ബാക്കിനു പേര് സാൻട്രോ തന്നെ. പുതിയ കാറിനു പേരു കണ്ടെത്താനായി ഹ്യുണ്ടേയ് ഇന്ത്യ കഴിഞ്ഞ മാസം മത്സരം സംഘടിപ്പിച്ചിരുന്നു; പങ്കെടുത്ത നാലു ലക്ഷം പേരിൽ രണ്ടു ലക്ഷത്തിൽ അധികവും പുതിയ കാറിനായി നിർദ്ദേശിച്ചത് സാൻട്രോ എന്ന പേരുതന്നെ. എ എച്ച് ടു എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച കാറിന്റെ പ്രീബുക്കിങ്ങിനും ഒക്ടോബർ 10നു തുടക്കമാവും. കാർ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്ന ഒക്ടോബർ 23നു തലേന്ന്(അതായത് 22) വരെ പ്രീബുക്കിങ് തുടരുകയും ചെയ്യും.

കാഴ്ചയിലും യഥാർഥ സാൻട്രോയോടാണ് ടോൾ ബോയ് ശൈലി പിന്തുടരുന്ന എ എച്ച് ടുവിനു സാമ്യം; പാർശ്വകാഴ്ചയ്ക്കാവട്ടെ 2016 ഓട്ടോ എക്സ്പോയിൽ കൺസെപ്റ്റ് രീതിയിൽ പ്രദർശിപ്പിച്ച കോംപാക്ട് എസ് യു വിയായ കാർലിനൊയോടും. വ്യക്തമായ നിർവചിച്ച വീൽ ആർച്ചുകളും പുതിയ കാറിന്റെ സവിശേഷതയാവും. പുതിയ സാൻട്രോയ്ക്കു പഴയതിനെ അപേക്ഷിച്ചു വീതിയേറുമെങ്കിലും ഉയരം കുറവാകുമെന്നാണു സൂചന. അതേസമയം 1,560 എം എമ്മുമായി മുഖ്യ എതിരാളിയായ മാരുതി സുസുക്കി സെലേറിയൊയ്ക്ക് ഒപ്പമാവും പുതു സാൻട്രോയുടെ ഉയരം. ഹ്യുണ്ടേയിയുടെ മറ്റു മോഡലുകളെ പോലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും തെല്ലും വിട്ടുവീഴ്ചയില്ലാതെയാവും പുതു സാൻട്രോയുടെയും വരവ്.

കാറിനു കരുത്തേകുക മുൻ സാൻട്രോയിലെ 1.1 ലീറ്റർ, എപ്സിലോൻ എൻജിന്റെ പരിഷ്കൃത രൂപമാകും; 63 ബി എച്ച് പി കരുത്ത് സൃഷ്ടിച്ചിരുന്ന എൻജിന് കാര്യക്ഷമതയേറുന്നതിനൊപ്പം ലീറ്ററിന് 20.1 കിലോമീറ്ററോളം ഇന്ധനക്ഷമതയും പ്രതീക്ഷിക്കുന്നുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ. ഒപ്പം പുതു സാൻട്രോയിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും അരങ്ങേറ്റം കുറിച്ചേക്കും.

പുതിയ സാൻട്രോയിൽ പ്രതീക്ഷിക്കുന്ന പുതുമകള്‍

∙ കൂടുതൽ സ്ഥലസൗകര്യമുള്ള അകത്തളം
∙ മികച്ച യാത്ര സുഖം നൽകുന്ന പിൻസീറ്റ്.
∙ വിഭാഗത്തിൽ ആദ്യമായി പിൻസീറ്റ് യാത്രികർക്കായി എ സി വെന്റ്
∙ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സഹിതം ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം.
∙ ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, റിവേഴ്സ് കാമറ