Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പനി ജീവനക്കാരുടെ യാത്രയ്ക്കും ഇനി ഇ വികൾ

mahindra-e-verito Representative Image

വിവിധ കമ്പനികളിലെ  ജീവനക്കാർക്കു യാത്രാസൗകര്യമൊരുക്കുന്ന മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ്(എം എൽ എൽ) വൈദ്യുത വാഹനങ്ങൾ വിന്യസിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിനകം ബാറ്ററിയിൽ ഓടുന്ന 150 വാഹനങ്ങൾ നിരത്തിലിറക്കാനാണു കമ്പനിയുടെ പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ കേരളത്തിലെ കമ്പനി ജീവനക്കാരുടെ യാത്രയ്ക്കായി ‘ഇ വെരിറ്റൊ’യും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തു കമ്പനി ജീവനക്കാരുടെ യാത്രയ്ക്ക് ഇ വികൾ രംഗത്തെത്തുന്നത് ഇതാദ്യമാണെന്നും എം എൽ എൽ അവകാശപ്പെട്ടു. കേരളത്തിനു പുറമെ ബെംഗളൂരു, ഡൽഹി നഗരങ്ങളിലും എം എൽ എൽ വൈദ്യുത വാഹനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇ വികളിലേക്കുള്ള പരിവർത്തനത്തിൽ ഫ്ളീറ്റ് വിഭാഗമാവും മുൻകൈയെടുക്കുകയെന്നാണു കമ്പനിയുടെ വിശ്വാസമെന്നു മഹീന്ദ്ര ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മഹേഷ് ബാബു അഭിപ്രായപ്പെട്ടു. ഈ ദിശയിലുള്ള സുപ്രധാന നാഴികക്കല്ലാണു ജീവനക്കാരുടെ യാത്രയ്ക്കായി വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. സുസ്ഥിര ജീവിതം ഉറപ്പാക്കാനുള്ള കേരളത്തിന്റെ ദൗത്യത്തിൽ ഈ ചുവടുവയ്പ് നിർണായക സംഭാവന നൽകുമെന്നും ബാബു പ്രത്യാശിച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ നടപ്പാക്കാനാണു കമ്പനിയുടെ ശ്രമമെന്ന് മഹീന്ദ്ര ലോജിസ്റ്റിക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പിരൊജ്ഷാ സർക്കാരി അറിയിച്ചു.