Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസ മുതൽ ഇന്നോവ വരെ, യുവി വിപണിയിലെ രാജാക്കന്മാർ

brezza-crysta Brezza & Innova Crysta

യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിന് എന്നും ഇന്ത്യൻ വാഹന വിപണിയിൽ മുൻ നിരയിലാണ് സ്ഥാനം. ഇന്ത്യൻ വിപണിയിൽ മാത്രമല്ല ലോക വിപണിയിലും യുവികളുടെ വിൽപ്പന ഉയർന്നു തന്നെ. വിറ്റാര ബ്രെസ, ഇന്നോവ ക്രിസ്റ്റ തുടങ്ങി നിരവധി വാഹനങ്ങളാണ് യുവി സെഗ്മെന്റിലെ രാജാക്കന്മാരായി മുന്നേറുന്നത്. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റ യൂട്ടിലിറ്റി വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സുസുക്കി വിറ്റാര ബ്രെസ

vitara-brezza-8

മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് യുവി സെഗ്‌മെന്റിലെ ഒന്നാമൻ. കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാറുകളിൽ ആറാമനായ ബ്രെസയുടെ 13271 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മാത്രം വിറ്റത്. കോംപാക്റ്റ് എസ് യു വി സെഗ്‍‌മെന്റിലും ഒന്നാം സ്ഥാനം ഈ ചെറു എസ്‌യുവിക്കു തന്നെ. ബ്രെസയുടെ ചിറകിലേറി യൂവി സെഗ്‍മെന്റിലെ തന്നെ മാരുതി പിടിച്ചടക്കിയത് അടുത്തിടെയാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റു വരെയുള്ള ബ്രെസയുടെ വിൽപ്പന 108230 യൂണിറ്റാണ്. അടുത്തിടെ എഎംടി വകഭേദം അവതരിപ്പിച്ച മാരുതി ബ്രെസയുടെ പെട്രോൾ പതിപ്പും ഉടൻ വിപണിയിലെത്തിച്ചേക്കും.

ഹ്യുണ്ടേയ് ക്രേറ്റ

creta-2018

ഹ്യുണ്ടേയുടെ ചെറു എസ്‌യു‌വിയായ ക്രേറ്റയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ മാസം ഇന്ത്യയിലെ ഏറ്റവുമധികം വിറ്റ കാറുകളിൽ 9–ാം സ്ഥാനത്താണ് ക്രേറ്റ. 2015ൽ വിപണിയിലെത്തിയ ക്രേറ്റയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ ചെറിയ മാറ്റങ്ങളുമായി സ്റ്റൈൽ വർധിപ്പിച്ചെത്തിയത് വിൽപ്പന കൂട്ടി. കഴിഞ്ഞ മാസം മാത്രം 10394 യൂണിറ്റുകളാണ് ഹ്യുണ്ടേയ് നിരത്തിലെത്തിച്ചത്. 

ഇന്നോവ ക്രിസ്റ്റ

toyota-innova-crysta-test-drive-7

ഇന്ത്യൻ മൾട്ടി യൂട്ടിലിറ്റി വിഭാഗത്തിലെ കിരീടം വെയ്ക്കാത്ത രാജാവാണ് ഇന്നോവ. പുറത്തിറങ്ങിയ നാൾ മുതൽ ജനപ്രിയ വാഹനമായി മാറി ക്രിസ്റ്റയുടെ 6680 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മാത്രം വിറ്റത്. മികച്ച യാത്ര സുഖവും ടൊയോട്ടയുടെ വിശ്വാസ്യതയും മികച്ച എൻജിനും ഇന്നോവയ്ക്ക് മുതൽ കൂട്ടാകുന്നു. പെട്രോൾ ഡീസൽ വകഭേദങ്ങളിൽ ഇന്നോവ ക്രിസ്റ്റ ലഭിക്കും. 

മഹീന്ദ്ര ബൊലേറോ

bolero-power-plus-1

പുറത്തിറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും യുവി സെഗ്‍മെന്റിലെ ആദ്യ സ്ഥാനങ്ങളിൽ ബൊലേറോ എന്നുമുണ്ട്. കഴിഞ്ഞ മാസം മാത്രം ബൊലേറോയുടെ 6215 യൂണിറ്റുകളാണ് ഇന്ത്യയിലാകമാനം വിറ്റുപോയത്. 

ടാറ്റ നെക്സോൺ

tata-nexon

ടിയാഗോയ്ക്ക് ശേഷം ടാറ്റയുടെ നിരയിലെ സൂപ്പർസ്റ്റാറാണ് നെക്സോൺ. ബ്രെസയും ഇക്കോസ്പോർട്ടും അടക്കിവാഴുന്ന സെഗ്‍മെന്റിലെത്തി വിപണി പിടിച്ചു ഈ ചെറു എസ് യു വി. മികച്ച സൗകര്യവും യാത്ര സുഖവും ഒത്തുചേർന്ന നെക്സണിന്റെ 4499 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മാത്രം വിറ്റത്. കൂടാതെ ഇക്കോ സ്പോർട്ടിനെ പിന്തള്ളി കോംപാക്റ്റ് എസ് യു വി വിഭാഗത്തിലെ രണ്ടാം സ്ഥാനവും നെക്സോൺ സ്വന്തമാക്കി.