Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തില്‍ പെട്ട അഭിലാഷ് ടോമിയുടെ പായ് കപ്പലിൽ എന്തെല്ലാം സജ്ജീകരണങ്ങള്‍?

abhilash-tomy Abhilash Tomy

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സില്‍ (2018 Golden Globe Race) പങ്കെടുക്കുന്ന ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കമാന്‍ഡര്‍ അഭിലാഷ് ടോമി ദക്ഷിണേന്ത്യന്‍ സമുദ്രത്തിലൂടെ പോകവെ അപകടത്തില്‍ പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അപകടത്തിൽ മുതുകിനു പരുക്കേറ്റിട്ടുണ്ട്. ഓസ്ട്രേലിയൻ റെസ്ക്യു കോർ‌ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. അത്യന്തം സാഹസികമായ ഈ യാത്ര മലയാളിയായ ഈ നാവികന്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആധുനിക സജ്ജീകരണങ്ങളൊന്നും കൈയ്യിലില്ല എന്നതാണ് ഇതിനെ വിഭിന്നമാക്കുന്നത്.

abhilash-tomy

സര്‍വേപള്ളി രാധാകൃഷ്ണന്‍ എഴുതിയ ദി പ്രിന്‍സിപല്‍ ഉപനിഷത്ത്‌സ്, (ഉപനിഷത്തുകളെക്കുറിച്ച് മുന്‍ പ്രസിഡന്റ് എഴുതിയ പുസ്തകം), ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍, നോക്‌സ് ജോണ്‍സണ്‍ എഴുതിയ സീമാന്‍ഷിപ് ആന്‍ഡ് സീഫെയറിങ് എന്നീ പുസ്തകങ്ങള്‍ തന്റെയൊപ്പം ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതു കൂടാതെ എന്തെല്ലാമാണ് ചങ്ങനാശേരിയില്‍ ജനിച്ച ഈ നാവികന്റെ രക്ഷയ്ക്കുള്ളത്?

ഉപനിഷത്തുകളുടെ ആരാധകനായ ടോമിയുടെ ഒട്ടുംയന്ത്രവല്‍കൃതമല്ലാത്ത ബോട്ടിന്റെ പേരും തുരിയ (Thuriya) എന്നാണ്. (വിശുദ്ധമായ പ്രജ്ഞ എന്നു വേണമെങ്കില്‍ തര്‍ജമ ചെയ്യാം.) അദ്ദേഹം ഇപ്പോള്‍ പങ്കെടുക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ്‌ന്റെ (ജിജിആര്‍) നിയമങ്ങള്‍ പറയുന്നത് ബോട്ടിന് 32 മുതല്‍ 36 അടി വരെ നീളമെ പാടുള്ളുവെന്നാണ്.

1000 തവണ കഴിക്കാനുള്ള ഭക്ഷണമാണ് അഭിലാഷ് ടോമി കൂടെ കരുതിയിരിക്കുന്നത്. ഇവയെല്ലാം ഇത്തരം ഒരു യാത്രയ്ക്കു വേണ്ടി പ്രത്യേകം തയാര്‍ ചെയ്തവയാണ്. ട്യൂണ, മത്തി, സോസെജുകള്‍ ഇവയടങ്ങുന്ന ക്യാനുകള്‍, സ്‌നാക്‌സ്, പ്രത്യേക ഫ്രൈഡ് ഫിഷ്, അരി, അമ്മയുണ്ടാക്കി നല്‍കിയ ഏത്തക്കാ ചിപ്‌സ് തുടങ്ങിയവയാണ് ബോട്ടില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഒറ്റയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആവശ്യം വന്നേക്കാവുന്ന മരുന്നുകള്‍ നല്‍കിയിരിക്കുന്നത് മെഡിക്കല്‍ സപ്പോര്‍ട്ട് ഓഫ്‌ഷോര്‍ (Medical Support Offshore (MSOS) ആണ്.

ബോട്ട് യന്ത്രവല്‍കൃതമാകരുത് എന്നതു കൂടാതെ, ആധുനിക ഉപകരണങ്ങളായ സ്മാര്‍ട്ട്‌ഫോണോ അങ്ങനെയുള്ള ഒന്നുമോ കാണാന്‍ പാടില്ല. പാട്ടു കേള്‍ക്കണമെങ്കില്‍ കാസറ്റ് പ്ലെയര്‍ കരുതാം. ഐപോഡുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ കൈയ്യില്‍ വയ്ക്കുന്നതും അനുവദനീയമല്ല. പാട്ടു കേള്‍ക്കാനായ രണ്ടു ഷോട്ട് വേവ് റേഡിയോകള്‍ അദ്ദേഹം കൂടെ കരുതിയിട്ടുണ്ട്.

2018 Golden Globe Race

ടിന്‍ ഭക്ഷണം കൂടാതെ, കമാന്‍ഡര്‍ ടോമി കൊണ്ടു പോകുന്നത്, കാറ്റിനനുസരിച്ചു കെട്ടാനുള്ള 13 കപ്പല്‍പായ്, രണ്ടു സെക്സ്റ്റന്റുകള്‍ (sextants) രണ്ടു ടാഫ്രെയ്ല്‍ (taffrail) ലോഗ്‌സ്, രണ്ട് ഓട്ടോമാറ്റിക് വാച്ചുകള്‍, മൂന്നു ട്രാക്കറുകള്‍, രണ്ടു സാറ്റലൈറ്റ് ഫോണുകള്‍, ചാര്‍ട്ടുകള്‍, മൂന്ന് MF ഡിറെക്ഷന്‍ ഫൈന്‍ഡേഴ്‌സ്, കുറച്ചു വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍, 10-കിലോ ഗ്യാസ് സിലിണ്ടറുകള് നാലെണ്ണം‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഏകദേശം 300 ലീറ്റര്‍ വെള്ളം, 140 ലീറ്റര്‍ ഇന്ധനം എന്നിവയാണ് അദ്ദേഹത്തിന്റെ ബോട്ടിലുള്ളത്. ഒരാള്‍ മാത്രമേ ഒരു ബോട്ടില്‍ ഉണ്ടാകാന്‍ പാടുള്ളു എന്നതും ഈ മത്സരത്തിന്റെ നിബന്ധനയാണ്.

കമാന്‍ഡര്‍ ടോമിയുടെ പുതിയ സാഹസിക ദൗത്യത്തെക്കുറിച്ച് ഇന്‍ഡ്യന്‍ നാവിക സേനയ്ക്ക് വളരെ അഭിമാനമാണുള്ളത്. അദ്ദേഹത്തിന് അപകടം നേരിട്ടതായി അറിഞ്ഞതെ നേവിയുടെ ഐഎന്‍എസ് സത്പുര (INS Satpura) എന്ന ഇടത്തരം നാവിക കപ്പിലനെ അങ്ങോട്ടയച്ചിരിക്കുകയാണ് സേന. ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയും തങ്ങളുടെ ടീമുകളെയും അദ്ദേഹത്തെ സഹായിക്കാന്‍ അയച്ചിട്ടുണ്ട്.

അപകടം നേരിടുമ്പോള്‍ അദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു. 18 പേരാണ് മത്സരിക്കുന്നത്. കഴിഞ്ഞ 84 ദിവസങ്ങള്‍ക്കുള്ളില്‍ 10,500 നോട്ടിക്കല്‍ മൈല്‍ അദ്ദേഹം താണ്ടിക്കഴിഞ്ഞിരുന്നു.