Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം വന്നിടിച്ച കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് മലയാളി

tesla-plane-accident Image Source: SocialMedia

കാറിൽ‌ വിമാനം വന്നിടിച്ചാൽ‌ എന്താകും അവസ്ഥ?. കാർ മാത്രമല്ല സർവതും തവിടുപൊടിയാകും. എന്നാൽ അതു ടെസ്‌‍ലയാണെങ്കിൽ ഫലം മറിച്ചാകും. തന്റെ കാറിൽ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഇനിയും വിശ്വസിക്കാനാവാതെ അമേരിക്കൻ മലയാളി ഒനീൽ. യുഎസിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടർന്ന് ടെക്സാസിൽ എമർജൻസി ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഒന്നൊന്നായി ഇടിച്ചു തെറിപ്പിച്ചത്. അതിലൊന്ന് ഒനീ‍ൽ കുറുപ്പിന്റെ ടെസ്‌ല എക്സ് കാർ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉൾപ്പെടെ ഒനീൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്.

tesla-accident-1

‌‌‘ആ നിമിഷം എനിക്കും മകനും ജീവൻ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്‌ല കാറിനും’ എന്നാണ് ഒനീൽ പറയുന്നത്. ലോകത്തിലെ ഏറ്റവും വേഗം കൂടിയ എസ്‌യുവികളിൽ ഒന്നെന്ന അവകാശവാദവുമായി എത്തിയ എസ്‌യുവിക്ക് വേഗം മാത്രമല്ല, എതു പ്രതിസന്ധികളേയും തരണം ചെയ്യാനുള്ള കരുത്തുമുണ്ടെന്ന് നേരത്തെ തെളിയിച്ചതാണ്. വിമാനത്തെ കെട്ടിവലിച്ചും റോൾഓവർ‌ ടെസ്റ്റിൽ കരുത്തു കാട്ടിയും ലോകത്തെ അദ്ഭുതപ്പെടുത്തിയ ടെസ്‌ലയുടെ കരുത്തിന് മറ്റൊരു തെളിവുകൂടിയാണ് അപകടം എന്നാണ് സമുഹമാധ്യമങ്ങൾ പറയുന്നത്.

ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മോഡൽ എക്സ് നാല്, അഞ്ച്, ഏഴ് സീറ്റ് വകഭേദങ്ങളിൽ ലഭ്യമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം 2.9 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. എസ് യു വിയുടെ അടിസ്ഥാന വകഭേദത്തിന്റെ വില 79,500 ഡോളർ(ഏകദേശം 50.62 ലക്ഷം രൂപ) ആണ്.