Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരാസോയ്ക്ക് ശേഷം വിപണിയെ അമ്പരപ്പിക്കാൻ ബ്രെസയുടെ എതിരാളിയുമായി മഹീന്ദ്ര

tivoli-1

മരാസോയ്ക്ക് ലഭിച്ച വിജയം മുതലെടുക്കാൻ കൂടുതൽ വാഹനങ്ങളുമായി മഹീന്ദ്ര എത്തുന്നു. പ്രീമിയം എസ് യു വി സെഗ്‍മന്റിൽ റെക്സ്റ്റണിന് ശേഷം മഹീന്ദ്ര പുറത്തിറക്കുന്നത് ബ്രെസയുടെ എതിരാളിയെ. എസ്201 എന്ന കോഡു നാമത്തിൽ വികസിപ്പിച്ച വാഹനത്തിൽ സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകളുണ്ടാകും.

ssangyong-tivoli-1

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കി നിർമിക്കുന്ന വാഹനത്തിന്റെ പേര്  എക്സ് യു വി 300 എന്നായിരിക്കും. ഈ വർഷം തന്നെ വിപണിയിലെത്തുന്ന വാഹനത്തിന്റെ പേര് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളിൽ എക്സ്‌യുവി 300 പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവരുമായാണ് മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും.

ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് സൂചന. എന്നാൽ ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും. സെഗ്‌മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനമായിരിക്കും ചെറു എസ്‌യുവി. കൂടാതെ വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങി സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതുമുണ്ടാകും.

tivoli

എക്സ്‌യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ടായും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 123 ബിഎച്ച്പി കരുത്തും 300 എൻ‌എം ടോർക്കുമുണ്ടാകും വാഹനത്തിന്. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില. 2016 ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്.