Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ബുള്ളറ്റുകൾ പറക്കും, പരമാവധി വേഗം 160 കി.മീ

royal-enfield-intercepter Royal Enfield Interceptor 650

ബുള്ളറ്റുകൾക്ക് വേഗമില്ല എന്ന പരാതി ഇനി ആരും പറയരുത്. വേഗവും സ്റ്റൈലും ഒരുപോലെ ഒത്തു ചേർന്ന് ബൈക്കാണ് റോയൽ എൻഫീൽഡ് ഇനി പുറത്തിറക്കാൻ പോകുന്നത്. ഉടൻ പുറത്തിറങ്ങുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾ അനായാസം മൂന്നക്കം കടക്കും എന്നാണ് കമ്പനി പറയുന്നത്. മണിക്കൂറിൽ 160 കി.മീയാണ് റോയൽഎൻഫീൽഡ് ഇരട്ടകളുടെ പരമാവധി വേഗം.

royal-enfield-continental Continental GT 650

കഴിഞ്ഞ വർഷം ഇറ്റലിയിലെ മിലാനിൽ നടന്ന ടൂവീലർ മോട്ടോർ ഷോയിലാണ് റോയൽ എൻഫീൽ‍ഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നീ പുതിയ രണ്ടു ബൈക്കുകളെ ആദ്യമായി പ്രദർശിപ്പിച്ചത്. ചരിത്രത്തിലാദ്യമായി റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പാരലൽ ട്വിൻ എൻജിനുമായി എത്തുന്ന ബൈക്കുകളാണ് ഈ ഇരട്ടകൾ. റോയൽ എൻഫീൽഡിന്റെ തന്നെ ഇന്റർസെപ്റ്റർ മാർക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റർസെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013ൽ എൻഫീൽഡ് പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്റൽ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. ഇരുബൈക്കുകൾക്കും പുതിയ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്.

648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററും ചെന്നൈയിലെ ടെക്നിക്കൽ സെന്ററും സംയുക്തമായാണു പുതിയ എൻജിൻ വികസിപ്പിച്ചത്. ഓസ്ട്രേലിയൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിയ ബൈക്ക് ഇന്ത്യൻ വിപണിയിലേയ്ക്കും ഉടൻ എത്തും. ഏകദേശം 3.5 ലക്ഷം മുതലായിരിക്കും വില ആരംഭിക്കുക.