Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ മോട്ടോഴ്സിനു ഗുജറാത്തിന്റെ വായ്പ 585 കോടി

Tata Motors

ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞ മാർച്ച് 31 വരെ 584.82 കോടി രൂപ ലളിതമായ വ്യവസ്ഥകളിൽ വായ്പ അനുവദിച്ചിട്ടുണ്ടെന്നു ഗുജറാത്ത് സർക്കാർ. ബംഗാളിലെ സിംഗൂരിൽ നിന്നു ‘നാനോ’ നിർമാണശാല സാനന്ദിലേക്കു പറിച്ചുനട്ട വേളയിൽ ഒപ്പിട്ട കരാറില വ്യവസ്ഥ പാലിച്ചാണു സർക്കാർ ടാറ്റ മോട്ടോഴ്സിന് 0.1% പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്. കമ്പനി നൽകുന്ന മൂല്യ വർധിത നികുതി(വാറ്റ്) മടക്കി നൽകുക വഴിയാണു സംസ്ഥാന സർക്കാർ ടാറ്റ മോട്ടോഴ്സിനു വായ്പത്തുക ലഭ്യമാക്കുന്നത്.

കോൺഗ്രസ് എം എൽ എ ലഖാഭായ് ഭർവാഡിനു നിയമസഭയിൽ എഴുതി നൽകിയ മറുപടിയിലാണു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ടാറ്റ മോട്ടോഴ്സിന് അനുവദിച്ച വായ്പ സംബന്ധിച്ചു കൃത്യമായ കണക്കു വെളിപ്പെടുത്തിയത്. 01.01.2009ലെ സർക്കാർ പ്രമേയപ്രകാരമുള്ള ആനൂകൂല്യങ്ങളുടെ ഭാഗമായാണു കമ്പനിക്കു വായ്പ അനുവദിക്കുന്നതെന്നും 2018 മാർച്ച് 31ലെ കണക്കനുസരിച്ച് ഇതുവരെ 584.82 കോടി രൂപ ഇപ്രകാരം ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കരാറിൽ 0.1% പലിശനിരക്കിലാണു വായ്പ അനുവദിക്കുന്നത് എന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ പലിശയൊന്നും കമ്പനിയോട് ഈടാക്കിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സാനന്ദിൽ നിന്നുള്ള ആദ്യ ‘നാനോ’ നിർമിച്ചു വിറ്റതിന്റെ 21—ാം വാർഷികം മുതലാണു സംസ്ഥാന സർക്കാർ അനുവദിച്ച വായ്പയുടെ തിരിച്ചടവ് ടാറ്റ മോട്ടോഴ്സ് ആരംഭിക്കേണ്ടത്. 

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രതിവർഷം രണ്ടര മുതൽ മൂന്നര ലക്ഷം വരെ കാർ നിർമിക്കാനായി 2,900 കോടി രൂപയുടെ നിക്ഷേപമാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് ഉൽപ്പാദനശേഷി അഞ്ചു ലക്ഷത്തിലെത്തിക്കാൻ രണ്ടാംഘട്ടത്തിൽ 1,100 കോടി രൂപയുടെ വികസനപദ്ധതികളും നടപ്പാക്കുമെന്നായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. എന്നാൽ കഴിഞ്ഞ മാർച്ച് വരെ ആദ്യഘട്ടത്തിനായി 3,954.43 കോടി രൂപയാണു കമ്പനി മുടക്കിയതെന്നാണു കണക്ക്. 

അതേസമയം സാനന്ദിൽ നിന്നുള്ള ‘നാനോ’ നിർമാണത്തിൽ ഗണ്യമായ ഇടിവാണു കഴിഞ്ഞ വർഷങ്ങൾക്കിടെ രേഖപ്പെടുത്തിയത്. 2013 — 14ൽ 21,155 ‘നാനോ’ നിർമിച്ചത് 2014 — 15ൽ 17,489 ആയി കുറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തെ ഉൽപ്പാദനം 21,114 കാറുകളായി ഉയർന്നെങ്കിലും 2016 —17ൽ ഉൽപ്പാദനം 8,305 ആയി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഉൽപ്പാദനമാവട്ടെ വെറും 1,920 കാറുകളായിരുന്നു.