Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരാസോയുടെ ചിറകിലേറി 3–ാം സ്ഥാനം തിരിച്ചുപിടിച്ചു മഹീന്ദ്ര

mahindra-marazzo-1

ഇന്ത്യയിലെ വിൽപ്പന കണക്കെടുപ്പിൽ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ ജൂണിലാണു മഹീന്ദ്രയെ പിന്തള്ളി ടാറ്റ മോട്ടോഴ്സ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ മാസം പുതിയ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’ എത്തിയതോടെയാണു മഹീന്ദ്ര ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇതോടെ സെപ്റ്റംബറിൽ 19,942 യൂണിറ്റ് വിൽപ്പനയോടെ മൂന്നാം സ്ഥാനത്തേക്കു മുന്നേറാൻ മഹീന്ദ്രയ്ക്കു സാധിച്ചു. ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പനയാവട്ടെ മഹീന്ദ്രയെ അപേക്ഷിച്ച് 1,513 യൂണിറ്റ് കുറവോടെ 18,429 എണ്ണമായിരുന്നു.

യൂട്ടിലിറ്റി വാഹനങ്ങളെ അപേക്ഷിച്ച് കോംപാക്ട് എസ് യു വികളുടെ വിൽപ്പനയേറിയതായിരുന്നു മഹീന്ദ്രയ്ക്കു തിരിച്ചടിയായത്. മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യ്ക്കും ടാറ്റ മോട്ടോഴ്സിന്റെ ‘നെക്സനു’മൊക്കെ ആവശ്യക്കാരേറിയതോടെ മഹീന്ദ്രയുടെ യു വികളുടെ പ്രകടനം മങ്ങി. എന്നാൽ സെപ്റ്റംബറിൽ എം പി വി വിഭാഗത്തിൽ ‘മരാസൊ’ അരങ്ങേറിയതോടെ മഹീന്ദ്ര നില മെച്ചപ്പെടുത്തുകയായിരുന്നു; 9.99 ലക്ഷം രൂപ മുതലായിരുന്നു ‘മരാസൊ’യുടെ ഷോറൂം വില.‘മരാസൊ’ മികച്ച സ്വീകാര്യത നേടിയതോടെ കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കെടുപ്പിൽ മാരുതി സുസുക്കിക്കും ഹ്യുണ്ടേയ് മോട്ടോറിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി മഹീന്ദ്ര.

കഴിഞ്ഞ മാസം നില മെച്ചപ്പെടുത്തിയെങ്കിലും 2017 സെപ്റ്റംബറിനെ അപേക്ഷിച്ചു വാഹന വിൽപ്പന 14.9% കുറവായിരുന്നു വിൽപ്പന എന്നതു മഹീന്ദ്രയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടാവണം. 2017 സെപ്റ്റംബറിൽ 23,429 വാഹനം വിറ്റതാണു കഴിഞ്ഞ മാസം 19,942 എണ്ണമായി കുറഞ്ഞത്. അതേസമയം ടാറ്റ മോട്ടോഴ്സിന്റെ കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 2017 സെപ്റ്റംബറിനെ അപേക്ഷിച്ച് 6.6% ഉയരുകയും ചെയ്തു. 2017 സെപ്റ്റംബറിൽ 17,286 കാർ വിറ്റതു കഴിഞ്ഞ മാസം 18,429 എണ്ണമായിട്ടാണ് വർധിച്ചത്. ടാറ്റ മോട്ടോഴ്സിനു പുറമെ മാരുതി സുസുക്കി ഇന്ത്യയ്ക്കും ടൊയോട്ട കിർലോസ്കർ മോട്ടോറിനും മാത്രമാണു കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ 2017 സെപ്റ്റംബറിനെ അപേക്ഷിച്ചു നേട്ടം കൈവരിക്കാനായത്.