Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 9,200 കോടി രൂപ നിക്ഷേപിക്കാൻ ഹോണ്ട

honda-cars-logo

ഇന്ത്യയിൽ മൂന്നാമത്തെ നിർമാണശാല സ്ഥാപിക്കുന്നതടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കായി 9,200 കോടിയിലേറെ രൂപ നിക്ഷേപിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട തയാറെടുക്കുന്നു. പുതിയ ശാലയ്ക്കു പുറമെ സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങളുടെ നിർമാണത്തിനും പുതിയ മോഡലുകളുടെയും പരിഷ്കരിച്ച പതിപ്പുകളുടെയും അവതരണത്തിനുമൊക്കെ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നു പദ്ധതിയുണ്ട്.

ഇതോടെ 1998ൽ ഇന്ത്യയിലെത്തിയ ഹോണ്ടയുടെ ഇതുവരെയുള്ള നിക്ഷേപം 18,500 കോടിയിലേറെ രൂപയായി ഉയരുമെന്നാണു കണക്ക്. ആഗോളതലത്തിൽ തന്നെ ഏറ്റവും തന്ത്രപ്രധാന വിപണിയായാണു ഹോണ്ട ഇന്ത്യയെ പരിഗണിക്കുന്നതെന്ന് എച്ച് സി  ഐ എൽ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഗാകു നകനിഷി അറിയിച്ചു. അടുത്ത 10 വർഷത്തിനിടെയാവും ഹോണ്ട ഇന്ത്യയിൽ പുതിയ നിക്ഷേപം നടത്തുകയെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ ശാലയ്ക്കായി ഗുജറാത്തിൽ 380 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും പുരോഗതിയിലാണ്.

നിലവിൽ രണ്ടു നിർമാണശാലകളാണു ഹോണ്ടയ്ക്ക് ഇന്ത്യയിലുള്ളത്: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലും രാജസ്ഥാനിലെ തപുകരയിലും. പ്രതിവർഷം 2.80 ലക്ഷം യൂണിറ്റാണ് ഇരു ശാലകളിലുമായി ഹോണ്ടയ്ക്ക് ഇന്ത്യയിലുള്ള നിർമാണശേഷി. എന്നാൽ 2017 — 18ൽ 1.70 ലക്ഷം യൂണിറ്റ് മാത്രമായിരുന്നു എച്ച് സി ഐ എൽ കൈവരിച്ച മൊത്തം വിൽപ്പന. എന്നാൽ പുത്തൻ മോഡലുകളുടെയും മലിനീകരണ വിമുക്ത സാങ്കേതിക വിദ്യകളുടെയും അവതരണം സൃഷ്ടിക്കുന്ന വിപണന സാധ്യത മുൻനിർത്തിയാണു ഹോണ്ട വികസനത്തിനു തയാറെടുക്കുന്നതെന്നു നകാനിഷി അറിയിച്ചു. 

ഇന്ത്യയ്ക്കു യോജിച്ച വൈദ്യുത, സങ്കര ഇന്ധന കാറുകൾ കണ്ടെത്താനുള്ള നടപടികളും ഹോണ്ട ആരംഭിച്ചിട്ടുണ്ട്. ‘ക്ലാരിറ്റി’ ശ്രേണിയിൽ ഹോണ്ട വികസിപ്പിക്കുന്ന ശ്രേണിയിൽ പൂർണ വൈദ്യുത കാർ, പ്ലഗ് ഇൻ ഹൈബ്രിഡ്, ഇന്ധന സെൽ ഓപ്ഷൻ തുടങ്ങിയവയൊക്കെ ഇടംപിടിക്കുന്നുണ്ട്. നിലവിൽ യു എസിലും ജപ്പാനിലും ലഭ്യമാവുന്ന ‘ക്ലാരിറ്റി’ ശ്രേണി എപ്പോൾ ഇന്ത്യയിലെത്തുമെന്ന സൂചന നൽകാൻ നകാനിഷി വിസമ്മതിച്ചു.