Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസിക് ജാവ എത്തും നവംബര്‍ 15ന്

jawa Jawa

ക്ലാസിക്ക് ലുക്കുമായി എതിരാളികളെ വിറപ്പിക്കാൻ ജാവ എത്തുന്നു. അടുത്ത മാസം 15ന് പുതിയ ബൈക്ക് പുറത്തിറക്കുമെന്നാണ് ജാവ അറിയിക്കുന്നത്. എൻജിൻ വിവരങ്ങൾ പുറത്തുവിട്ടതിനു പിന്നാലെയാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. രണ്ടാം വരവിൽ ജാവ ഉപയോഗിക്കുക 293 സിസി എൻജിനാണെന്നാണ് അറിയിച്ചത്. 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുണ്ട് എൻജിന്. ജാവയുടെ വരവിനായി കാത്തിരിക്കുന്ന ആരാധകരോട് ഈ വർഷം തന്നെ ബൈക്ക് പുറത്തിറങ്ങുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു. എന്നാൽ പുതിയ ബൈക്കിന്റെ വിലയോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

jawa-engine Jawa

രാജ്യാന്തര വിപണിയിൽ ജാവയ്ക്കുള്ള ബൈക്കുകളോട് സാമ്യമുള്ള വാഹനമായിരിക്കില്ല പുതിയത്. ക്ലാസിക് ലുക്കുള്ള ബൈക്കിന്റെ എൻജിന് പഴയ ജാവ എൻജിനോട് രൂപസാമ്യമുണ്ടെന്ന് മാത്രം. ആധുനികതയും പരമ്പരാഗത ലുക്കും ചേർത്തിണക്കായിരിക്കും പുതിയ ബൈക്കിന്റെ രൂപകൽപ്പന. 293 സിസി എൻജിന് കൂട്ടായി എത്തുക 6 സ്പീഡ് ഗിയർബോക്സായിരിക്കും. ബിഎസ് 6 നിലവാരത്തിലുള്ള എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല. 

ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ രാജാവിയാരുന്ന ജാവ ‍ഇന്ത്യയിൽ നിന്നു വിടവാങ്ങിയത് 1966ലാണ്. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റിൽ നിന്നായിരിക്കും ജാവയുടെ രണ്ടാം വരവ്.