Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി പുതിയ സാൻട്രോ, ലഭിച്ചത് 15,000 ബുക്കിങ്ങുകൾ

hyundai-santro-1

അരങ്ങേറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള പുതിയ ചെറുകാറായ ‘സാൻട്രോ’യ്ക്ക് ബുക്കിങ് നടത്തി കാത്തിരിക്കുന്നത് പതിനയ്യായിരത്തോളം പേർ. ചൊവ്വാഴ്ച അരങ്ങേറ്റത്തിനൊരുങ്ങുന്ന പുത്തൻ ‘സാൻട്രോ’യ്ക്കുള്ള ബുക്കിങ്ങുകൾ കഴിഞ്ഞ എട്ടിനാണ് ഹ്യുണ്ടേയ് സ്വീകരിച്ചു തുടങ്ങിയത്. ആദ്യ അര ലക്ഷം കാറുകൾക്ക് പ്രത്യേക വിലക്കിഴിവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 

പുതിയ ‘സാൻട്രോ’യെക്കുറിച്ചുള്ള പല വിശദാംശങ്ങളും പുറത്തുവിട്ടെങ്കിലും ഹ്യുണ്ടേയ് വില സംബന്ധിച്ച് മൗനം തുടരുകയാണ്; എങ്കിലും അടിസ്ഥാന മോഡലിന് 3.87 ലക്ഷം രൂപയാവും വിലയെന്നാണു വിപണിയുടെ പ്രതീക്ഷ. ഏറ്റവും മുന്തിയ വകഭേദത്തിനു പ്രതീക്ഷിക്കുന്ന വിലയാവട്ടെ 5.35 ലക്ഷം രൂപയോളവും. പോരെങ്കിൽ ചില വിപണികളിൽ ‘സാൻട്രോ’യുടെ സി എൻ ജി പതിപ്പും ആദ്യഘട്ടത്തിൽ തന്നെ അവതരിപ്പിക്കാൻ ഹ്യുണ്ടേയ്ക്കു പദ്ധതിയുണ്ട്.

കാറിനു കരുത്തേകുക 1.1 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാവും; 69 പി എസ് വരെ കരുത്തും 99 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിന സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ധനം സി എൻ ജിയാവുന്നതോടെ പരമാവധി കരുത്ത് 57 ബി എച്ച് പിയായും ടോർക്ക് 77 എൻ എമ്മായും താഴും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനു പുറമെ പുത്തൻ ‘സാൻട്രോ’യിലൂടെ ഇതാദ്യമായി ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷ(എ എം ടി)നും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വന്തമായി വികസിപ്പിച്ച എ എം ടിയിൽ മെക്കാനിക്കൽ ആക്ച്യുവേറ്റേഴ്സിനു പകരം ഇലക്ട്രിക്കൽ ആക്ച്യുവേറ്റർ ലഭ്യമാക്കുമെന്നാണു ഹ്യുണ്ടേയിയുടെ വാഗ്ദാനം. 

മാരുതി സുസുക്കി ‘വാഗൻ ആർ’, ‘സെലേറിയൊ’, ടാറ്റ ‘ടിയാഗൊ’ എന്നിവയോട് എറ്റുമുട്ടാനെത്തുന്ന ‘സാൻട്രോ’യ്ക്ക് ലീറ്ററിന് 20.3 കിലോമീറ്റർ ഇന്ധനക്ഷമതയാണു ഹ്യുണ്ടേയ് അവകാശപ്പെടുന്നത്.  ഈ വിഭാഗത്തിൽ ഇതുവരെ ലഭ്യമല്ലാതിരുന്ന ചില സൗകര്യങ്ങളും പുത്തൻ ‘സാൻട്രോ’യിൽ ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്: പിൻസീറ്റ് യാത്രികർക്ക് എ സി വെന്റും ആൻഡ്രോയ്ഡ് ഓട്ടോ — കാർ പ്ലേ സഹിതം ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കാറിലുണ്ട്. കൂടാതെ ഡ്രൈവർക്ക് എയർബാഗും ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും എല്ലാ വകഭേദത്തിലുമുണ്ടാകും. മുന്തിയ പതിപ്പുകളിൽ റിവേഴ്സ് പാർക്കിങ് സെൻസറും പാർക്കിങ് കാമറയും ഇടംപിടിക്കും. അരങ്ങേറ്റത്തിനു മുന്നോടിയായി പുത്തൻ ‘സാൻട്രോ’ രാജ്യമെങ്ങുമുള്ള ഹ്യുണ്ടേയ് ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞു. ഔപചാരിക അരങ്ങേറ്റം കഴിഞ്ഞാലുടൻ കാർ ബുക്ക് ചെയ്തവർക്ക് ഹ്യുണ്ടേയ് പുത്തൻ ‘സാൻട്രോ’ കൈമാറിത്തുടങ്ങും.