Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ 650 സിസി ബുള്ളറ്റ് ബുക്ക് ചെയ്യാം

royal-enfield-intercepter-1 Royal Enfield Interceptor 650

അടുത്ത മാസം നിരത്തിലെത്തുമെന്നു കരുതുന്ന ‘ഇന്റർസെപ്റ്റർ 650’, ‘കോണ്ടിനെന്റൽ ജി ടി 650’ ബൈക്കുകൾക്കുള്ള ബുക്കിങ്ങുകൾ റോയൽ എൻഫീൽഡ് ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങി. തികച്ചും ആകർഷകമായ വിലകളിലാവും ഈ 650 സി സി ബൈക്കുകൾ വിൽപ്പനയ്ക്കെത്തുകയെന്നാണു പ്രതീക്ഷ; മിക്കവാറും ഇവയുടെ വില മൂന്നു ലക്ഷം രൂപയിൽ താഴെയാവുമെന്ന അഭ്യൂഹവും ശക്തമാണ്.

‘ഇന്റർസെപ്റ്റർ 650’, ‘കോണ്ടിനെന്റൽ ജി ടി 650’ എന്നിവയ്ക്കു കരുത്തേകുക 648 സി സി, എയർ കൂൾഡ്, എസ് ഒ എച്ച് സി, ഫ്യുവൽ ഇഞ്ചക്റ്റഡ്, പാരലൽ ട്വിൻ എൻജിനാവും; 7,250 ആർ പി എമ്മിൽ 47 ബി എച്ച് പി വരെ കരുത്തും 5,250 ആർ പി എമ്മിൽ 52 എൻ എമ്മോളം ടോർക്കുമാവും ഈ എൻജിൻ സൃഷ്ടിക്കുക. സ്ലിപ് അസിസ്റ്റ് ക്ലച് സഹിതം ആറു സ്പീഡ് ഗീയർബോക്സാവും ബൈക്കുകളുടെ ട്രാൻസ്മിഷൻ.

Royal Enfield Interceptor 650 & Continental GT 650 Royal Enfield Interceptor 650 Continental GT 650

മുന്നിൽ പരമ്പരാഗത ശൈലിയിലുള്ള ടെലിസ്കോപിക് ഫോർക്കാവും സസ്പെൻഷൻ; പിന്നിൽ ഗ്യാസ് ചാർജ്ഡ് ഇരട്ട ഷോക് അബ്സോബറും ഇടംപിടിക്കും. ബൈക്കുകളുടെ മുൻ വീലിൽ 320 എം എം സിംഗിൾ ഡിസ്ക് ബ്രേക്കും പിന്നിൽ 240 എം എം ഡിസ്കുമാവും ഘടിപ്പിക്കുക; ഇരട്ട ചാനൽ എ ബി എസും പ്രതീക്ഷിക്കാം. ഇരു ബൈക്കുകൾക്കും മണിക്കൂറിൽ 160 കിലോമീറ്ററാണു റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ‘ഇന്റർസെപ്റ്ററി’ൽ 13.7 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കും ‘കോണ്ടിനെന്റൽ ജി ടി’യിൽ 12.5 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കുമാണ് എത്തുക.

ഡിസംബർ മധ്യത്തോടെ ബൈക്ക് കൈമാറാമെന്നു വാഗ്ദാനം ചെയ്താണു പല ഡീലർമാരും ‘ഇന്റർസെപ്റ്ററി’നും ‘കോണ്ടിനെന്റൽ ജി ടി’ക്കുമുള്ള ബുക്കിങ് സ്വീകരിക്കുന്നത്; 5,000 രൂപയാണ് ബുക്കിങ് തുക.