Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസിക് 350 എ ബി എസ്

classic350-gunmetal-grey Classic 350 Gun Metal Grey

ഗൺമെറ്റൽ ഗ്രേ നിറത്തിലുള്ള റോയൽ എൻഫീൽഡ് ‘ക്ലാസിക് 350’ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സഹിതം വിപണിയിലെത്തി. നേരത്തെ ‘ക്ലാസിക് 350 സിഗ്നൽസ് എഡീഷനി’ൽ ലഭ്യമായിരുന്ന എ ബി എസ് സംവിധാനമാണ് ഇപ്പോൾ ‘350 ക്ലാസിക്കി’ലും റോയൽ എൻഫീൽഡ് ലഭ്യമാക്കുന്നത്. എ ബി എസ് എത്തിയതോടെ ഗൺമെറ്റൽ ഗ്രേ നിറമുള്ള ‘ക്ലാസിക് 350’ ബൈക്കിന്റെ ഓൺ റോഡ് വില 1.80 ലക്ഷം രൂപയായി. മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനായി ഗൺമെറ്റൽ ഗ്രേയ്ക്കു പിന്നാലെ മറ്റു നിറങ്ങളുള്ള ‘ക്ലാസിക് 350’ ബൈക്കുകളിലും എ ബി എസ് ലഭ്യമാവുമെന്നാണു പ്രതീക്ഷ.

‘സിഗ്നൽസ് എഡീഷനി’ലെ പോലെ ‘ക്ലാസിക്കി’ലും ഇരട്ട ചാനൽ എ ബി എസ് യൂണിറ്റാണു റോയൽ എൻഫീൽഡ് ഘടിപ്പിച്ചിരിക്കുന്നത്. 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകളിൽ അടുത്ത ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര സർക്കാർ എ ബി എസ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ അവശേഷിക്കുന്ന മോഡലുകളിലും എ ബി എസ് ലഭ്യമാക്കാനാണു റോയൽ എൻഫീൽഡിന്റെ നീക്കം. ‘ക്ലാസിക് 350 എ ബി എസി’ന്റെ മുൻചക്രത്തിൽ ഇരട്ട പിസ്റ്റൻ കാലിപർ സഹിതമുള്ള 280 എം എം ഡിസ്ക് ബ്രേക്കും പിന്നിൽ സിംഗിൾ പിസ്റ്റൻ കാലിപർ സഹിതം 240 എം എം ഡിസ്ക് ബ്രേക്കുമാണു ഘടിപ്പിച്ചിരിക്കുന്നത്. എ ബി എസ് കൂടിയെത്തിയതോടെ ബൈക്കിന്റെ വില 10,000 രൂപയോളമാണു വർധിച്ചത്. 

ആന്റി ലോക്ക് ബ്രേക്ക് രംഗപ്രവേശം ചെയ്തതൊഴിവാക്കിയാൽ സാങ്കേതികവിഭാഗത്തിൽ മറ്റു മാറ്റമൊന്നുമില്ലാതെയാണു ‘റോയൽ എൻഫീൽഡ് ക്ലാസിക് 350’ എത്തുന്നത്. ബൈക്കിനു കരുത്തേകുന്നത് 346 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്; 19.8 ബി എച്ച് പി കരുത്തും 28 എൻ എംടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. മുന്നിൽ ടെലിസ്കോപിക് ഫോർക് സസ്പെൻഷനുള്ള ബൈക്കിന്റെ പിന്നിൽ ഇരട്ട ഷോക് അബ്സോബറാണ്.