Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനന്ദ്: ടാറ്റ ഉൽപ്പാദനം 5 ലക്ഷം കടന്നു

tata-motors Tata Motors

ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നുള്ള ടാറ്റ മോട്ടോഴ്സിന്റെ കാർ നിർമാണം അഞ്ചു ലക്ഷം യൂണിറ്റ് തികഞ്ഞു. പരിഷ്കരിച്ച ടിഗൊർ ആണ് അഹമ്മദബാദിനടുത്തുള്ള സാനന്ദ് ശാലയിൽ നിന്നുള്ള ഉൽപ്പാദനം അഞ്ചു ലക്ഷത്തിലെത്തിച്ചത്. എട്ടു വർഷം മുമ്പാണു ടാറ്റ മോട്ടോഴ്സ് സാനന്ദ് ശാലയിൽ ഉൽപ്പാദനം ആരംഭിച്ചത്; പ്രതിവർഷം 1.54 ലക്ഷം യൂണിറ്റാണു ശാലയുടെ ശേഷി. യാത്രാവാഹനങ്ങൾ മാത്രമാണു ടാറ്റ മോട്ടോഴ്സ് സാനന്ദിൽ നിർമിക്കുന്നത്. 

ഹാച്ച്ബാക്കായ ‘ടിയാഗൊ’യ്ക്കും സെഡാനായ ‘ടിഗൊറി’നുമായി നിലവിൽ സാനന്ദ് ശാലയുടെ ശേഷി പൂർണമായി വിനിയോഗിക്കുന്നുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കുള്ള ആദ്യ വൈദ്യുത കാർ ടാറ്റ മോട്ടോഴ്സ് നിർമിച്ചതും സാനന്ദിലായിരുന്നു. പൊതുമേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡി(ഇ ഇ എസ് എൽ)ൽ നിന്നു ലഭിച്ച ഓർഡർ പ്രകാരമുള്ള വൈദ്യുത കാറുകളാണ് ടാറ്റ മോട്ടോഴ്സ് സാനന്ദിൽ നിർമിക്കുന്നത്. 

ഗുജറാത്തിലെ വാഹന വ്യവസായത്തിന്റെ വികസനത്തിലും നിർണായക പങ്കാണ് ടാറ്റ മോട്ടോഴ്സിന്റെ സാനന്ദ് ശാല വഹിച്ചത്. 1,100 ഏക്കർ ഭൂമിയിലാണു ടാറ്റ മോട്ടോഴ്സ് ഈ ശാല സ്ഥാപിച്ചത്. 2010ൽ ഒറ്റ മോഡലുമായി പ്രവർത്തനം ആരംഭിച്ച ശാല ഇന്ന് വ്യത്യസ്ത യാത്രാവാഹനങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത്. സാങ്കേതികവിദ്യയിലും സംവിധാനങ്ങളിലു സൗകര്യങ്ങളിലുമൊക്കെ ഈ ശാല ഏറെ മുന്നിലാണ്.

ശാലയിലെ ഫ്ളെക്സിബിൾ അസംബ്ലി ലൈൻ പ്രയോജനപ്പെടുത്തി ‘നാനോ’, ‘ടിയാഗൊ’, ‘ടിഗൊർ’ എന്നിവയാണു ടാറ്റ നിലവിൽ സാനന്ദിൽ നിർമിക്കുന്നത്. 21 വകഭേദങ്ങളിലായി 150 സാധ്യതകളാണ് ഈ മോഡലുകളിലുള്ളത്. കൂടാതെ മാനുവൽ, എ എം ടി ഗീയർബോക്സ് സഹിതം 1.2 ലീറ്റർ റെവൊട്രോൺ, 1.05 ലീറ്റർ റെവൊടോർക് ഡീസൽ, 624 സി സി ഇരട്ട സിലിണ്ടർ പെട്രോൾ എൻജിനുകളും 1.2  ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും ടാറ്റ മോട്ടോഴ്സ് സാനന്ദിൽ നിർമിക്കുന്നുണ്ട്.