Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓല കാബ്സ് ഇനി ന്യൂസീലൻഡിലേക്ക്

OLA Cabs

ഓസ്ട്രേലിയയ്ക്കും ബ്രിട്ടനും പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഓൺലൈൻ റൈഡ് ഹെയ്ലിങ് കമ്പനിയായ ഓല കാബ്സ് ന്യൂസീലൻഡിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ന്യൂസീലൻഡിലെ ഓക്ക്ലൻഡ്, വെല്ലിങ്ടൻ, ക്രൈസ്റ്റ് ചർച്ച് നഗരങ്ങളിലാവും ഓലയുടെ സേവനം ലഭ്യമാവുക.

ഈ വർഷം ആദ്യമാണ് ഓല കാബ്സ് രാജ്യാന്തര തലത്തിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്. ഓസ്ട്രേലിയയും യു കെയും പിന്നിട്ട് ന്യൂസീലൻഡിലും സേവനം ലഭ്യമാവുകയാണെന്ന് ഓല കാബ്സ് അറിയിച്ചു. മൂന്നു നഗരങ്ങൾക്കൊപ്പം ഓക്ക്ലൻഡ്, വെല്ലിങ്ടൻ വിമാനത്താവളങ്ങളിലും ഓല കാബ്സ് ലഭ്യമാവുമെന്നും കമ്പനി വ്യക്തമാക്കി.

ഓലയ്ക്കു മാത്രമല്ല റൈഡ് ഹെയ്ലിങ് വ്യവസായത്തെ സംബന്ധിച്ചിടത്തോളവും സുപ്രധാന ചുവടുവയ്പാണു ന്യൂസീലൻഡിലേക്കുള്ള പ്രവേശമെന്ന് കമ്പനിയുടെ കൺട്രി മാനേജർ(ന്യസീലൻഡ്) ബ്രയിൻ ഡെവിൽ അറിയിച്ചു. ഓക്ക്ലൻഡ്, വെല്ലിങ്ടൻ, ക്രൈസ്റ്റ് ചർച്ച് നഗരങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് ആവേശകരമായ പ്രതികരണമാണു ലഭിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടിയന്തര സാഹചര്യങ്ങളിൽ സഹായം അഭ്യർഥിക്കാനുള്ള സുരക്ഷാ സംവിധാനമടങ്ങിയ ആപ്ലിക്കേഷനാണ് ഓല കാബ്സ് ന്യൂസീലൻഡിൽ അവതരിപ്പിക്കുന്നത്. തത്സമയ ട്രാക്കിങ്, കൃത്യമായ സ്ഥാനം, വാഹനത്തെയും ഡ്രൈവറെയും കുറിച്ചുള്ള വിവരം തുടങ്ങിയവയൊക്കെ ഒറ്റയടിക്കു പങ്കുവയ്ക്കാൻ യാത്രക്കാർക്ക് അവസരമുണ്ട്. പോരെങ്കിൽ വാഹനത്തിന്റെ നിലവാരം പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് ഓല കാബ്സ് നിരത്തിലിറക്കുന്നത്. ഡ്രൈവർമാരുടെ പശ്ചാത്തലം സംബന്ധിച്ചു പൊലീസ് പരിശോധനയും കമ്പനി നടത്തുന്നുണ്ട്. 

ഓസ്ട്രേലിയയിൽ ഏഴു നഗരങ്ങളിലായി അര ലക്ഷത്തോളം ഡ്രൈവർമാരാണ് കമ്പനി പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഓല കാബ്സ് അറിയിച്ചു. ഇതുവരെ 20 ലക്ഷത്തോളം റൈഡുകളും ഓസ്ട്രേലിയയിൽ ഓല പൂർത്തിയാക്കിയിട്ടുണ്ട്.