Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത ബൈക്ക് കമ്പനിയിൽ നിക്ഷേപത്തിന് ജാഗ്വർ

arc-vector Arc Vector

പ്രീമിയം വൈദ്യുത മോട്ടോർ സൈക്കിൾ നിർമാതാക്കളായ ആർക്കിൽ നിക്ഷേപത്തിനൊരുങ്ങി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ(ജെ എൽ ആർ). മിലാനിൽ നടക്കുന്ന മോട്ടോർ സൈക്കിൾ ഷോ(ഇ ഐ സി എം എ)യിലാണ് ആർക്ക് കമ്പനിയുടെ ആദ്യ കണ്സപ്റ്റ് മോട്ടോർ സൈക്കിൾ പ്രദർശിപ്പിച്ചത്.

‘വെക്ടർ’ എന്നു പേരിട്ട ആധുനിക ഇ മോട്ടോർ സൈക്കിൾ പുറത്തിറക്കുംമുമ്പുതന്നെ ആർക്കിൽ മൂലധന നിക്ഷേപത്തിനു ജെ എൽ ആർ സന്നദ്ധമാവുകയായിരുന്നു. ലോകത്തിലെ ഏറ്റവും ആധുനിക ഇ മോട്ടോർ സൈക്കിൾ എന്ന അവകാശവാദത്തോടെയാണ് ആർക്ക് ‘വെക്ടറി’ന്റെ കൺസെപ്റ്റ് മിലാനിൽ പ്രദർശിപ്പിച്ചത്. നിലവിലുള്ള വൈദ്യുത മോട്ടോർ സൈക്കിളുകളിൽ കാണാത്ത ഇന്റഗ്രേറ്റഡ് ഹ്യൂമൻ മെഷീൻ ഇന്റർഫേസ്(എച്ച് എം ഐ) സഹിതമാണ് ‘വെക്ടറി’ന്റെ വരവ്. ജെ എൽ ആറിന്റെ നിക്ഷേപക വിഭാഗമായ ഇൻമോഷൻ വെഞ്ചേഴ്സാണ് ആർക്കിൽ മൂലധന നിക്ഷേപം നടത്തുകയെന്നും വ്യക്തമായിട്ടുണ്ട്. 

‘വെക്ടറി’ലെ സംവിധാനങ്ങളിലും സൗകര്യങ്ങളിലും മനംമയങ്ങിയാണു ജെ എൽ ആർ കമ്പനിയിൽ നിക്ഷേപത്തിനു സന്നദ്ധമായിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിനു പുറമെ മെർഷ്യ ഫണ്ട് മാനേജേഴ്സ് അടക്കമുള്ള സ്ഥാപനങ്ങളും ആർക്കിൽ മുതൽമുടക്കിന് ഒരുങ്ങിയിട്ടുണ്ട്. അതേസമയം, ആർക്കിൽ എത്ര തുകയാണു നിക്ഷേപിക്കുകയെന്നു ജെ എൽ ആർ വ്യക്തമാക്കിയിട്ടില്ല. 

കനേഡിയൻ നടനും സംവിധായകനും നിർമാതാവുമൊക്കെയായ കീനു റീവ്സിന്റെ ആർച്ച് മോട്ടോർ സൈക്കിൾ കമ്പനിയുമായി ബന്ധമൊന്നുമില്ലാത്ത പുത്തൻ സംരംഭമാണ് ആർക്. ആധുനുക രൂപകൽപ്പനയും സാങ്കേതികവിദ്യയും പിൻബലമാക്കി ഇരുചക്രവാഹന മേഖലയിൽ പുത്തൻ അനുഭവം പ്രദാനം ചെയ്യാനാണ് ഈ ആർക് ലക്ഷ്യമിടുന്നത്. ‘വെക്ടറി’ലൂടെ മലിനീകരണവിമുക്തവും കണക്റ്റഡുമായ പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ പുതുയുഗപ്പിറവിയാണു കമ്പനി സ്വപ്നം കാണുന്നത്.

ഉരുക്കിനു പകരം കാർബൺ കോംപസിറ്റി വസ്തുക്കളാണ് ‘വെക്ടറി’ന്റെ നിർമാണത്തിൽ ആർക് ഉപയോഗിക്കുന്നത്; ബൈക്കിന്റെ ഭാരം ഗണ്യമായി കുറയ്ക്കാൻ ഈ നീക്കം സഹായകമാവും. സ്വിങ് ആമുകളും കാർബൺ ഫൈബർ നിർമിതമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ നഗരവീഥികളിൽ 170 മൈലും(ഏകദേശം 274 കിലോമീറ്റർ) ഹൈവേകളിൽ 120 മൈലും(ഏകദേശം 194 കിലോമീറ്റർ) ആണു ‘വെക്ടർ’ പിന്നിടുക. മികച്ച പ്രകടനക്ഷമതയോടെയെത്തുന്ന ‘വെക്ടറി’നു നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 2.7 സെക്കൻഡ് മതി. മണിക്കൂറിൽ 124 മൈൽ(ഏകദേശം 200 കിലോമീറ്റർ) ആണു ബാറ്ററിയിൽ ഓടുന്ന ബൈക്കിന് ആർക് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഓലിൻസ് ഷോക് അബ്സോബറും ബ്രെംബൊ ബ്രേക്ക് സംവിധാനവുമായിട്ടാവും ‘വെക്ടറി’ന്റെ വരവ്.

എച്ച് എം ഐ സംവിധാനത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ജാക്കറ്റുമായിട്ടാണ് ‘വെക്ടർ’ എത്തുക. ഈ ജാക്കറ്റ് മാധ്യമമാക്കി ഹാപ്ടിക് ഫീഡ്ബാക്ക് സംവിധാനത്തിലാണു ബൈക്കും റൈഡറുമായുള്ള ആശയവിനിമയം. യു കെയിലെ നോക്സ് ആണ് ഈ മേഖലയിൽ ആർക്കിന്റെ പങ്കാളി.

ആഡംബര ഹെൽമറ്റ് നിർമാതാക്കളായ ഹെഡൊൺ ‘വെക്ടറി’നായി പ്രത്യേക ഹെൽമറ്റും വികസിപ്പിച്ചിട്ടുണ്ട്. വൈ ഫൈ വഴി ബന്ധിപ്പിച്ച ഹെഡ് അപ് ഡിസ്പ്ലേ പ്രൊജക്ഷൻ സഹിതമാണ് ‘സെനിത്ത്’ എന്നു പേരിട്ട ഈ ഹെൽമറ്റ് ലഭിക്കുന്നത്; ബാറ്ററിയിൽ അവശേഷിക്കുന്ന ചാർജ്, വാഹനവേഗം തുടങ്ങിയ വിവരങ്ങളൊക്കെ ഈ ഡിസ്പ്ലേയിൽ തെളിയും. റൈഡർക്കു മെച്ചപ്പെട്ട കാഴ്ച ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് റിയർ കാമറയും ഈ ഹെൽമറ്റിലുണ്ട്. ബൈക്കിലെ സ്വിച് മുഖേനയോ വോയ്സ് കമാൻഡ് വഴിയോ ഹെൽമറ്റിലെ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കാം. 

ഇത്രയും സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ‘വെക്ടറി’ന് 1.17 ലക്ഷം ഡോളർ(ഏകദേശം 85 ലക്ഷത്തോളം രൂപ) ആണു വില പ്രതീക്ഷിക്കുന്നത്. പോരെങ്കിൽ വെറും 399 ‘വെക്ടർ’ മാത്രമാവും നിർമിക്കുകയെന്നും ആർക് പ്രഖ്യാപിച്ചിട്ടുണ്ട്.