Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തുമോ ഹോണ്ട സിറ്റി ഹൈബ്രിഡ് ?

honda-city Honda City

ഇന്ത്യയിൽ 2023 — 24ൽ വൈദ്യുത വാഹനം വിൽപ്പനയ്ക്കെത്തിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ. അടുത്ത വർഷം ചൈനയിൽ വൈദ്യുത കാർ അവതരിപ്പിച്ചാവും ആഗോളതലത്തിൽ ഹോണ്ട ഈ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുക. ‘ബി’ വിഭാഗം കാറുമായി വൈദ്യുത വാഹന വിപണിയിൽ അരങ്ങേറാനാണു ഹോണ്ടയുടെ പദ്ധതി.

കേന്ദ്ര സർക്കാർ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചില്ലെങ്കിലും അതിനായി കാത്തിരിക്കേണ്ടെന്ന നിലപാടിലാണു ഹോണ്ട. ഇതുവരെ വൈദ്യുത വാഹന മേഖലയ്ക്കുള്ള സർക്കാരിന്റെ നയപ്രഖ്യാപനത്തിനു ശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കാനായിരുന്നു ഹോണ്ട കാത്തിരുന്നത്. സെഡാനായ ‘സിറ്റി’യുടെ സങ്കരഇന്ധന പതിപ്പും ‘ബി’ വിഭാഗം കാറിന്റെയോ എസ് യു വിയുടെയോ വൈദ്യുത പതിപ്പുമാണു ഹോണ്ടയുടെ പരിഗണനയിലുള്ളത്.

പെട്രോൾ ഇന്ധനമാക്കുന്ന കാറുകളാണു നിലവിൽ ഹോണ്ടയുടെ ഇന്ത്യൻ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ മോഡൽ ശ്രേണിയിൽ അധികവും. ചെറുകാർ വിപണിയിലും ഡീസൽ വിഭാഗത്തിലേക്കുമുള്ള രംഗപ്രവേശം വൈകിയതും ഹോണ്ടയ്ക്ക് ഇന്ത്യയിൽ തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുത വാഹന വിഭാഗത്തിലെങ്കിലും ഈ പോരായ്മ മറികടക്കാനാണു ഹോണ്ട തയാറെടുക്കുന്നത്. അതേസമയം, വൈദ്യുത വാഹന വിപണനത്തിന്റെ കൃത്യമായ സമയക്രമം വെളിപ്പെടുത്താൻ കമ്പനി തയാറായിട്ടില്ല.

ഇന്ത്യയിൽ വൈദ്യുത വാഹനം വിൽപ്പനയ്ക്കെത്തിക്കുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റ് ഗാകു നകനിഷി നേരത്തെ 100% ഉറപ്പു പറഞ്ഞിരുന്നു. നഗര പ്രദേശങ്ങളിൽ ഉപയോഗത്തിന് അനുയോജ്യമായ വൈദ്യുത കാറിന് ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 150 — 200 കിലോമീറ്റർ ഓടാനുള്ള ശേഷിയാണ് ഹോണ്ട ലക്ഷ്യമിടുന്നതെന്നാണു സൂചന. കൂടാതെ ഇന്ത്യയ്ക്കായുള്ള സങ്കര ഇന്ധന സംവിധാനങ്ങളിൽ പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഗണ്യമായി ഉയർത്താനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്. ഹോണ്ടയ്ക്കു പുറമെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ടൊയോട്ട കിർലോസ്കർ മോട്ടോറിനും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയ്ക്കുമെല്ലാം ഇന്ത്യയിൽ വൈദ്യുത വാഹനം അവതരിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതിനു പുറമെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും ടാറ്റ മോട്ടോഴ്സും വൈദ്യുത വാഹന വിൽപ്പനയ്ക്കു തയാറെടുക്കുന്നുണ്ട്.