Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസ് വിൽപ്പന: മെഴ്സീഡിസ് ബെൻസിനെ പിന്തള്ളി ടെസ്‌ല

Tesla Roadster Tesla Roadster

യു എസിലെ വിൽപ്പന കണക്കെടുപ്പിൽ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിനെ പിന്തള്ളി വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ല. കഴിഞ്ഞ ജൂലൈ — സെപ്റ്റംബർ കാലത്ത് 69,935 കാറുകളാണു ടെസ്‌ല വിറ്റത്; മെഴ്സീഡിസ് ബെൻസിന്റെ വിൽപ്പനയാവട്ടെ 66,542 യൂണിറ്റിലൊതുങ്ങി. ആതർട്ടൻ റിസർചിന്റെ കണക്കനുസരിച്ച് ജർമനിയിൽ നിന്നു തന്നെയുള്ള ബി എം ഡബ്ല്യുവും ടെസ്ലയ്ക്കു കയ്യെത്തും ദൂരത്താണ്; 

ഇക്കൊല്ലം മൂന്നാം പാദത്തിൽ വെറും 1,754 കാറുകൾ മാത്രമാണു ടെസ്‌ലയെ അപേക്ഷിച്ച് ബി എം ഡബ്ല്യു അധികമായി വിറ്റത്. ഇപ്പോഴത്തെ പ്രവണത തുടർന്നാൽ നടപ്പു ത്രൈമാസത്തിൽ ടെസ്‌ല ചിലപ്പോൾ ബി എം ഡബ്ല്യുവിനെയും മറികടന്നേക്കുമെന്നാണ് ആതർട്ടൻ റിസർച്ചിന്റെ നിഗമനം. തകർപ്പൻ പ്രകടനമാണു സെപ്റ്റംബറിൽ ടെസ്‌ല കാഴ്ചവച്ചത്; ആഗോളതലത്തിൽ 83,500 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന. 2017ൽ കമ്പനി കൈവരിച്ച മൊത്തം വിൽപ്പനയുടെ 80 ശതമാനത്തോളം വരുമിത്. 

ടെസ്ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ ‘മോഡൽ ത്രീ’ 55,480 എണ്ണമാണു കമ്പനി സെപ്റ്റംബറിൽ വിറ്റത്. ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയിൽ കൈവരിച്ച മൊത്തം വിൽപ്പനയേക്കാൾ ഇരട്ടിയോളമാണിത്. യു എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചു(എസ് ഇ സി)മായുള്ള ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കാൻ ടെസ്ല സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എലോൺ മസ്ക് നടപടി തുടങ്ങിയതും കമ്പനിക്കു ഗുണകരമാവുമെന്നാണു വിലയിരുത്തൽ. ടെസ്ലയുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ മസ്ക്, റോബിൻ ഡെൽഹോമിനെ ചെയർപഴ്സനായി നിയോഗിച്ചിരുന്നു. ഓസ്ട്രേലിയൻ ടെലികോം സേവന ദാതാക്കളായ ടെൽസ്ട്ര കോർപറേഷൻ ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറും സ്ട്രാറ്റജി വിഭാഗം മേധാവിയുമാണു ഡെൽഹോം.