Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമാകാന്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍, വില 2.50 ലക്ഷം മുതല്‍

royal-enfield-intercepter-gt

കാത്തിരിക്കുന്നവരെ ഞെട്ടിക്കുന്ന വിലയുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍ വിപണിയില്‍. മൂന്നു മോഡലുകളിലായി ലഭിക്കുന്ന ബൈക്കുകളുടെ വില 2.50 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയാണ്. കോണ്ടിനെന്റല്‍ ജിടിയുടെ ക്രോം മോഡലിന് 2.85 ലക്ഷവും കസ്റ്റം മോഡലിന് 2.72 ലക്ഷവും സ്റ്റാന്റേര്‍ഡിന് 2.65 ലക്ഷം രൂപയുമാണ് വില. ഇന്റര്‍സെപ്റ്ററിന്‌റെ ക്രോം മോഡലിന് 2.70 ലക്ഷവും കസ്റ്റം മോഡലിന് 2.57 ലക്ഷവും സ്റ്റാന്റേര്‍ഡിന് 2.50 ലക്ഷം രൂപയുമാണ് വില. എല്ലാ മോഡലുകള്‍ക്കും മൂന്നുവര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ വരെ വാറന്റിയും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നുണ്ട്.

ഇറ്റലിയിലെ മിലാനില്‍ നടന്ന ടൂവീലര്‍ മോട്ടോര്‍ ഷോയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ പുതിയ രണ്ടു ബൈക്കുകളെ പ്രദര്‍ശിപ്പിച്ചത്. ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായാണ് പുതിയ ബൈക്കുകള്‍ എത്തിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റര്‍സെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013ല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ കഫേ റേസര്‍ ബൈക്ക് കോണ്ടിനെന്റല്‍ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. ഇരുബൈക്കുകള്‍ക്കും പുതിയ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

royal-enfield-intercepter-1

648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാന്‍സ്മിഷന്‍. യുകെയില്‍ കമ്പനി പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററും ചെന്നൈയിലെ ടെക്‌നിക്കല്‍ സെന്ററും സംയുക്തമായാണു പുതിയ എന്‍ജിന്‍ വികസിപ്പിച്ചത്.

ഇന്ത്യയിലെ മിഡില്‍ വെയിറ്റ് ക്യാറ്റഗറി ബൈക്കുകളുടെ വിപണിയില്‍ മാറ്റങ്ങള്‍ വരുത്താനാണ് ഇരുബൈക്കുകളുമെത്തിയത് എന്നാണ് വാഹനം പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ഥ് ലാല്‍ പറഞ്ഞത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗ്ലോബല്‍ ബൈക്കാണ് ഇവ രണ്ടും. ഇന്ത്യ, യുഎസ്എ, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്പിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും പുതിയ ബൈക്ക് വില്‍പ്പനയ്‌ക്കെത്തും. പുതിയ ബൈക്കുമായെത്തുന്നത് 800 സിസി ബൈക്കുകളുമായി മത്സരിക്കാനല്ലെന്നും പുതിയൊരു സെഗ്‌മെന്റ് നിര്‍മിക്കാനാണ് ശ്രമിക്കുന്നതെന്നും സിദ്ധാര്‍ഥ് ലാല്‍ നേരത്തെ പറഞ്ഞിരുന്നു.