Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയ് ഇലക്ട്രിക് എസ്‌യുവി കോന, ഒറ്റ ചാർജിൽ 312 കി.മീ

hyundai-kona-electric Hyundai Kona Electric

വൈദ്യുത എസ് യു വിയായ ‘കോന’ അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോരെങ്കിൽ ആഭ്യന്തരമായ അസംബ്ൾ ചെയ്താവും ‘കോന’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പരമ്പരാഗത ഇന്ധനത്തിൽ ഓടുന്ന ‘കോന’ പ്രദർശിപ്പിച്ച ഹ്യുണ്ടേയ് കഴിഞ്ഞ ദിവസം ഗുരുഗ്രാമിൽ നടന്ന ‘ബ്രില്യന്റ് കിഡ്സ് മോട്ടോർ ഷോ’യിൽ ‘കോന ഇല്ക്ട്രിക്’ അവതരിപ്പിച്ചിരുന്നു.

കാഴ്ചയിൽ എസ് യു വിക്കു പകരം ക്രോസോവറിനോടാണ് ‘കോന ഇലക്ട്രിക്കി’നു സാമ്യം; ഏറെക്കുറെ മാരുതി സുസുക്കി ‘എസ് ക്രോസ്’ പോലെ. ‘എലീറ്റ് ഐ 20’ കാറിനെ അപേക്ഷിച്ച് നീളവും വീതിയും വീൽ ബേസുമൊക്കെ അധികമെങ്കിലും ‘കോന ഇലക്ട്രിക്’ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യ്ക്ക് ഒപ്പമെത്തില്ല. ഇൻവെർട്ടർ ഹെഡ്‍ലാംപും അടഞ്ഞ റേഡിയേറ്റർ ഗ്രില്ലുമൊക്കെ ചേർന്ന് ഭാവി ലക്ഷ്യമിട്ടുള്ള രൂപമാണ് ‘കോന ഇലക്ട്രിക്കി’ന്.  അകത്തളത്തിലെ പ്രീമിയം സ്പർശവും പ്രകടമാണ്.

‘കോന’യുടെ 39.2 കിലോവാട്ട് അവർ പതിപ്പാവും ഇന്ത്യയിലെത്തുകയെന്നാണു സൂചന; ഒറ്റ ചാർജിൽ 312 കിലോമീറ്റർ ഓടാൻ ഈ വകഭേദത്തിനാവും. പിന്നീട് കാറിന്റെ 64 കിലോവാട്ട് അവർ പതിപ്പും ഇന്ത്യയിലെത്തിയേക്കും. ഇന്ത്യയിൽ 25 ലക്ഷം രൂപയോളമാവും ‘കോന’യ്ക്കു വിലയെന്നാണു പ്രതീക്ഷ. കാറിനൊപ്പം വീട്ടിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള എ സി ചാർജറും ഹ്യുണ്ടേയ് ലഭ്യമാക്കും. ഇതിനു പുറമെ പങ്കാളികളുടെ സഹകരണത്തോടെ ബാറ്ററി ചാർജിങ് മേഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും ഹ്യുണ്ടേയ് ശ്രമം നടത്തും. കമ്പനി ഡീലർഷിപ്പുകളിലും മറ്റും ഫാസ്റ്റ് ചാർജിങ് സൗകര്യം ഏർപ്പെടുത്താനാണു ഹ്യുണ്ടേയിയുടെ ആലോചന.