Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ഇന്ത്യ ഇതുവരെ വിറ്റത് 2.50 കോടി സ്കൂട്ടർ

honda-activa

ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം സ്കൂട്ടർ വിൽപ്പന രണ്ടര കോടി പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ നിർമാതാവാണു ഹോണ്ടയെന്നും കമ്പനി അവകാശപ്പെട്ടു. നിലവിൽ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ 57% വിഹിതമാണ് എച്ച് എം എസ് ഐ അവകാശപ്പെടുന്നത്.

ഇക്കൊല്ലം 50 ലക്ഷത്തോളം സ്കൂട്ടറുകളുടെ വിൽപ്പന നേടിയാണ് ഹോണ്ട ഈ നേട്ടത്തിലേക്കു കുതിച്ചത്. ഇന്ത്യയിലെത്തി 10 വർഷത്തിനിടെയാണു ഹോണ്ടയുടെ സ്കൂട്ടർ വിൽപ്പന ഒരു കോടി യൂണിറ്റ് പിന്നിട്ടത്; എന്നാൽ തുടർന്നുള്ള ഒരു കോടി പൂർത്തിയായത് വെറും മൂന്നു വർഷത്തിനുള്ളിലാണ്.

ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’യുമായി 2001ലായിരുന്നു  എച്ച് എം എസ് ഐയുടെ സ്കൂട്ടർ വിപണി പ്രവേശം. തുടക്കത്തിൽ 10% ആയിരുന്നു സ്കൂട്ടർ വിപണിയിൽ ‘ആക്ടീവ’യുടെ (ഹോണ്ടയുടെയും) വിഹിതം; എന്നാൽ 2018ലെ കണക്കെടുപ്പിൽ സ്കൂട്ടർ വിപണിയുടെ 32% ആണ് ‘ആക്ടീവ’ കയ്യടക്കിയിരിക്കുന്നത്. ‘ക്ലിക്’, ‘ആക്ടീവ 125’, ‘ഗ്രാസ്യ’, ‘ആക്ടീവ ഫൈവ് ജി’ തുടങ്ങിയവയുടെ കൂടി പിൻബലത്തിലാണു ഹോണ്ട സ്കൂട്ടർ വിപണിയിൽ 57% വിഹിതം അവകാശപ്പെടുന്നത്. 

രാജ്യത്തെ സ്കൂട്ടർവൽക്കരണത്തിന്റെ അടുത്ത ഘട്ടത്തിനു നേതൃത്വം നൽകാനാണു ഹോണ്ട ആഗ്രഹിക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേരിയ വ്യക്തമാക്കി. ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങൾ വ്യാപകമായി സ്കൂട്ടറുകളിലേക്കു ചേക്കേരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.