Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടത്തിൽ സിഇഒ മരിച്ച സംഭവം: 4.6 കോടി നഷ്ടപരിഹാരം നൽകണമെന്നു കോടതി

car-accident Representative Image

ഒരു കുടുംബത്തിലെ നാലു പേരുടെ ജീവനപഹരിച്ച വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിനു ഇൻഷുറന്‍സ് കമ്പനി 4.6 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നു കോടതി വിധി. മുംബൈ ഹൈക്കോടതിയാണ് 2016ൽ നടന്ന അപകടത്തിനു ഇൻഷുറൻസ് നഷ്ടപരിഹാരം നൽകണമെന്നു വിധിച്ചത്. സിംഗപ്പൂരിലെ സ്വകാര്യ കമ്പനി സിഇഒയായിരുന്ന രവീന്ദ്ര കുൽക്കർണിയും ഭാര്യയും മകനും ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. പോണ്ടിച്ചേരിയിൽ നിന്നും ചെന്നൈയിലേക്കു പോകുകയായിരുന്നു ഇവരുടെ കാറിൽ എതിരെ നിന്നും ദിശതെറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.

2.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രവീന്ദ്രയുടെ മാതാപിതാക്കൾ പൂനെ എംഐസിടിയെ സമീപിച്ചത്. രവീന്ദ്രയുടെ വരുമാനത്തെ ആശ്രയിച്ചാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും അപകടം സമ്മാനിച്ച മാനസികാഘാതത്തിൽ നിന്നും രവീന്ദ്രയുടെ മകനായ അശീഷ് ഇപ്പോഴും മുക്തനായിട്ടില്ലെന്നും ഇവർ തങ്ങളുടെ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 18 ശതമാനം പലിശയോടു കൂടി 2.1 കോടി രൂപയായിരുന്നു ആവശ്യമെങ്കിലും 2.5 കോടി രൂപ നൽകാൻ  ഇൻഷുറൻസ് കമ്പനി തയാറായി. എന്നാൽ സിംഗപ്പൂരിലെ സ്വകാര്യ കമ്പനി സിഇഒ ആയിരുന്ന രവീന്ദ്രയുടെ ശമ്പളം ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷം കോടതിയാണ് നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിച്ചത്.

മദ്യത്തിന്‍റെ ലഹരിയിലാണ് ഡ്രൈവർ വാഹനം ഓടിച്ചിരുന്നതെന്നും അതിനാൽ തന്നെ നഷ്ടപരിഹാരം നൽകാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നുമുള്ള നിലപാടാണ് ഇൻഷുറൻസ് കമ്പനി കൈകൊണ്ടത്. എന്നാൽ മോട്ടോർ വാഹന നിയമം ചട്ടം 149 പ്രകാരം ഇത്തരമൊരു വാദം ഉയർത്താൻ ഇൻഷുറൻസ് കമ്പനിക്കു അധികാരമില്ലെന്നും വ്യവസ്ഥാപിത ന്യായീകരണങ്ങളുടെ കീഴിലിതു വരുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളി.