Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിയ ചെറു എസ്‌യുവി, വില 10-16 ലക്ഷം രൂപ

kia-sp Kia SP

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ ആദ്യ സ്പോർട്സ് യൂട്ടിലിറ്റി വാഹനം(എസ് യു വി) അടുത്ത വർഷം മധ്യത്തോടെ വിപണിയിലെത്തും. ‘എസ് പി കൺസപ്റ്റ്’ ആധാരമാക്കി സാക്ഷാത്കരിക്കുന്ന എസ് യു വിക്ക് 10 മുതൽ 16 ലക്ഷം രൂപ വരെയാണു ഷോറൂം വില പ്രതീക്ഷിക്കുന്നത്.

കിയ മോട്ടോഴ്സ് ഇന്ത്യയുടെ വിൽപ്പന, വിപണന വിഭാഗം മേധാവിയായ മനോഹർ ഭട്ടാണ് കമ്പനി അവതരിപ്പിക്കുന്ന എസ് യു  വിയുടെ വില സംബന്ധിച്ച സൂചന നൽകിയത്. പ്രീമിയം എസ് യു വിയായിട്ടാണു വരവെങ്കിലും മത്സരക്ഷമമായ വിലയ്ക്കു ലഭ്യമാക്കാനാണു കിയ മോട്ടോഴ്സിന്റെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ ‘ക്രേറ്റ’യോടും നിസ്സാൻ പുറത്തിറക്കുന്ന ‘കിക്സി’നോടുമാവും ‘എസ് പി കൺസപ്റ്റി’ന്റെ പ്രധാന മത്സരം. താരതമ്യേന വില കുറവെങ്കിലും മാരുതി സുസുക്കിയുടെ ‘എസ് ക്രോസു’മായും റെനോയുടെ ‘ഡസ്റ്ററി’നോടും ഈ എസ് യു വി പോരാടേണ്ടി വരും.

തുടക്കത്തിൽ തന്നെ പെട്രോൾ, ഡീസൽ എൻജിനുകളോടെ കിയയുടെ എസ് യു  വി വിൽപ്പനയ്ക്കുണ്ടാവും. ട്രാൻസ്മിഷൻ വിഭാഗത്തിലാവട്ടെ മാനുവൽ, ഓട്ടമാറ്റിക് ഗീയർബോക്സുകളും പ്രതീക്ഷിക്കാം. പ്രീമിയം സാമഗ്രികൾ ഉപയോഗിച്ചു സാക്ഷാത്കരിച്ച അകത്തളത്തിൽ മുന്തിയ, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഇടംപിടിക്കും. സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെയാവും കിയയുടെ ആദ്യ എസ് യു വി എത്തുകയെന്നാണുവിലയിരുത്തൽ. എസ് യു വിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം അടുത്ത മാസം തന്നെ ആരംഭിക്കുമെന്നാണു സൂചന.