Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ; ഒറ്റ ചാർജിൽ 110 കി.മീ

kal-electric-auto KAL Electric Auto Rickshaws

തിരുവനന്തപുരം ∙ കേരള ഓട്ടമൊബീൽസ് ലിമിറ്റഡ് ഇലക്ട്രിക് ഓട്ടോറിക്ഷയിലൂടെ തിരിച്ചുവരവിലേക്ക്. നെയ്യാറ്റിൻകര ആറാലുംമൂട് കെഎഎൽ നിർമിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഫെബ്രുവരി 10നു വിപണിയിൽ എത്തും. ഓട്ടമൊബീൽ റിസർച്ച് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി കാത്തിരിക്കുകയാണിപ്പോൾ. സാധാരണ ഓട്ടോറിക്ഷയുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ ലഭ്യമാക്കും. 

ഒരു കിലോമീറ്റർ ഓടുന്നതിനു ചെലവ് 50 പൈസ. ഒറ്റ ചാർജിൽ 110 കിലോമീറ്റർവരെ ഓടിക്കാനാകും. നാലു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്. നിലവിലെ മിനിമം ചാർജ് അനുസരിച്ച് ഒരു തവണ ചാർജ് ചെയ്ത് ഉപയോഗിക്കുമ്പോൾ ഉടമയ്ക്ക് 1250 രൂപ വരുമാനം ലഭിക്കുമെന്ന് കെഎഎൽ ചെയർമാൻ കരമന ഹരി പറഞ്ഞു. 

ഗിയറും ക്ലച്ചും വേണ്ടാത്തതാണ് ഇലക്ട്രിക് ഓട്ടോ.  റിവേഴ്സ് എടുക്കാൻ സൗകര്യമുണ്ട്. കയറ്റം കയറുന്നതിനു സഹായിക്കുന്ന ലോഡ് ഗിയറും ഉണ്ടാകും. തെല്ലും ശബ്ദമില്ല. ഇപ്പോഴത്തെ ശേഷി അനുസരിച്ചു മാസം 1200 ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിർമിക്കാനുള്ള സൗകര്യം ഉണ്ട്. വില്പന കൂടുകയാണെങ്കിൽ ശേഷി വർധിപ്പിക്കും. വായ്പാസൗകര്യം ഒരുക്കുന്നതിനുവേണ്ടി ബാങ്കുകളുമായി ഉടൻ ചർച്ച ആരംഭിക്കും.