ഹാരിയറുമായി യൂറോപ്പിലേക്ക് മടങ്ങാൻ ടാറ്റ

tata-harrier-6
SHARE

യൂറോപ്യൻ വാഹന വിപണിയിൽ തിരിച്ചെത്താൻ ടാറ്റ മോട്ടോഴ്സിനു പദ്ധതി. പുത്തൻ എസ് യു വിയായ ഹാരിയറുമായിട്ടാവും ടാറ്റ മോട്ടോഴ്സിന്റെ യൂറോപ്പിലേക്കുള്ള മടക്കം.  ലാൻഡ് റോവറിന്റെ ഡി എയ്റ്റ് പ്ലാറ്റ്ഫോം അടിത്തറയാക്കി സാക്ഷാത്കരിച്ച ‘ഹാരിയറി’ന് ലോകോത്തര നിലവാരമുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിലയിരുത്തൽ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ‘ഹാരിയർ’ വിൽപ്പനയ്ക്കെത്തിക്കാനാണു ടാറ്റയുടെ നീക്കം; ഇതിൽ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറിന്റെ ജന്മനാടായ യു കെയും ഉൾപ്പെടും. 

Tata Harrier Test Drive

അടുത്ത വർഷത്തെ ജനീവ മോട്ടോർ ഷോയിലാവും ‘ഹാരിയറി’ന്റെ യൂറോപ്യൻ അരങ്ങേറ്റം. പിന്നാലെയാവും എസ് യുവിയുടെ യൂറോപ്യൻ അരങ്ങേറ്റം. അതേസമയം ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ജഗ്വാർ ലാൻഡ് റോവർ ജനീവ മോട്ടോർ ഷോയിൽ പങ്കെടുക്കുന്നില്ല. ‘ഹാരിയറി’ന്റെ ഇന്ത്യൻ അരങ്ങേറ്റം തീരുമാനിച്ചിരിക്കുന്നത് ജനുവരി 23നാണ്. ടാറ്റ ഇതുവരെ നിർമിച്ചതിലേക്കും മികച്ച കാറെന്ന അവകാശവാദത്തോടെയെത്തുന്ന ‘ഹാരിയറി’നുള്ള ബുക്കിങ്ങാവട്ടെ ഒക്ടോബർ 15നു തന്നെ ആരംഭിച്ചിരുന്നു. തുടർന്നുള്ള കാലത്തിനിടെ എത്ര ബുക്കിങ്ങുകൾ ലഭിച്ചെന്ന സൂചനയൊന്നും ടാറ്റ മോട്ടോഴ്സ് നൽകിയിട്ടില്ല. 

ആഗോള വിപണികളെ മുന്നിൽ കണ്ടായിരുന്നു രൂപകൽപ്പനയെങ്കിലും ‘ഹാരിയറി’ന്റെ പ്രാഥമിക വിപണി ഇന്ത്യ തന്നെയാവും. യു കെയിലും ഇറ്റലിയിലും പുണെയിലുമെല്ലാമുള്ള ടാറ്റ ഡിസൈൻ സ്റ്റുഡിയോകളുടെ ശ്രമഫലമായിരുന്നു ‘ഹാരിയർ’. രൂപകൽപ്പനയിലെ മികവിനൊപ്പം അഞ്ചു പേർക്കു സുഖയാത്ര സാധ്യമാവുന്ന കാബിനും ധാരാളം സംഭരണ സ്ഥലവും കരുത്തുറ്റ എൻജിനും ആറ് എയർബാഗും ബുദ്ധിപൂർണമായ സുരക്ഷാ സജ്ജീകരണങ്ങളുമൊക്കെ ചേരുന്നതോടെ ‘ഹാരിയറി’ന് യൂറോപ്യൻ ഉപയോക്താക്കളെയും തൃപ്തിപ്പെടുത്താനാവുമെന്നാണു പ്രതീക്ഷ.

‘ഹാരിയറി’ന്റെ ഉൽപ്പാദനം ടാറ്റ മോട്ടോഴ്സിന്റെ പുണെ ശാലയിൽ ആരംഭിച്ചു കഴിഞ്ഞു. ഫിയറ്റാണ് എസ് യു വിക്കുള്ള എൻജിനും ഗീയർബോക്സും ലഭ്യമാക്കുന്നത്. ജീപ് ‘കോംപസി’ലെ രണ്ടു ലീറ്റർ ഡീസൽ എൻജിനും ആറു സ്പീഡ് മാനുവൽ ഗീയർബോക്സുമാണ് ‘ഹാരിയറി’ലും ഇടംപിടിക്കുക. ഇന്ത്യയിൽ 16 — 21 ലക്ഷം രൂപ വിലനിലവാരത്തിലാവും ‘ഹാരിയർ’ വിൽപ്പനയ്ക്കെത്തുകയെന്നാണു പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA