നമുക്ക് വേണ്ടത് ഈ നിറമുള്ള കാറുകൾ

car-colours
SHARE

കാർ വാങ്ങാനെത്തുന്ന ഇന്ത്യക്കാരുടെ ഇഷ്ട നിറം വെളുപ്പ്. കഴിഞ്ഞ വർഷം പുതിയ കാർ വാങ്ങാനെത്തിയ ഇന്ത്യക്കാരിൽ 43 ശതമാനവും തിരഞ്ഞെടുത്തത് വെള്ള നിറമായിരുന്നെന്നാണു കണക്കുകൾ നൽകുന്ന സൂചന. പ്രമുഖ പെയിന്റ് നിർമാതാക്കളായ ബി എ എസ് എഫിന്റെ കോട്ടിങ്സ് ഡിവിഷൻ തയാറാക്കിയ ‘ബി എ എസ് എഫ് കളർ റിപ്പോർട്ട് ഫോർ ഓട്ടമോട്ടീവ് ഒ ഇ എം കോട്ടിങ്സ്’ പ്രകാരം ഗ്രേ, സിൽവർ നിറങ്ങളാണു വെളുപ്പിനു പിന്നിലുള്ളത്. ഈ നിറങ്ങൾക്ക് 2018ൽ 15% വീതം ആവശ്യക്കാരാണത്രെ ഉണ്ടായിരുന്നത്.  ചുവപ്പ്(ഒൻപതു ശതമാനം), നീല(ഏഴു ശതമാനം), കറുപ്പ്(മൂന്നു ശതമാനം) എന്നിങ്ങനെയാണു മറ്റു നിറങ്ങളുടെ നില. 

പേൾ വെള്ള നിറമുള്ള ചെറുകാറുകൾക്കാണ് ഇന്ത്യയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളതെന്ന് ബി എ എസ് എപ് ഡിസൈൻ മേധാവി(ഏഷ്യ പസഫിക്) ചിഹരു മറ്റ്സുഹര വെളിപ്പെടുത്തി. ഇന്ത്യയിലെ ചൂടുള്ള കാലവസ്ഥയാവും വെള്ളയോടുള്ള പ്രതിപത്തിക്കു പിന്നിലെന്നും അവർ വിലയിരുത്തുന്നു; വേഗത്തിൽ ചൂടു പിടിക്കില്ലെന്നതാണു വെള്ള നിറത്തിന്റെ നേട്ടം. ഒപ്പം ഈ നിറത്തിനുള്ള ആഡംബര പ്രതിച്ഛായയും വെള്ളയുടെ ആകർഷം വർധിപ്പക്കുന്നുണ്ട്. 

എസ് യു വി വിഭാഗത്തിലും വെള്ളയ്ക്കാണ് ആധിപത്യം; 41% ഉടമസ്ഥരുടെയും ഇഷ്ട നിറം വെള്ള തന്നെ. ഗ്രേ(15%), സിൽവർ(14%%), ചുവപ്പ്(12%), നീല(7%) എന്നിങ്ങനെയാണു മറ്റു നിറങ്ങളുടെ ആവശ്യക്കാരുടെ വിഹിതം.  എൻട്രി ലവൽ സബ് കോംപാക്ട് വിഭാഗത്തിലാവട്ടെ 42% ഉടമസ്ഥർക്കും വെള്ളയോടാണു താൽപര്യം. ഇവിടെ 17% ഉടമകൾ ഗ്രേയും 16% സിൽവറും തിരഞ്ഞെടുത്തും. 12% പേരുടെ ഇഷ്ടനിറമായ ചുവപ്പാണ് അടുത്ത സ്ഥാനത്ത്. 

അടിസ്ഥാന കോംപാക്ട് വിഭാഗത്തിൽ 35% പേർക്കാണ് വെള്ള ഇഷ്ടനിറമാവുന്നത്. ഈ വിഭാഗത്തിൽ 17% ഉടമകൾ വീതം ഗ്രേയും സിൽവറും തിരഞ്ഞെടുത്ത്. ഒൻപതു ശതമാനത്തിന് ചുവപ്പും എട്ടു ശതമാനത്തിന് നീലയുമാണ് പ്രിയ നിറം.കോംപാക്ട്(പ്രീമിയം) വിഭാഗത്തിലും വെള്ള തന്നെയാണു ജനപ്രിയ നിറം; 46% ഉടമസ്ഥരും തിരഞ്ഞെടുത്തത് ഈ നിറമായിരുന്നു. 21% കാർ ഉടമകൾ സിൽവറും 17% പേർ ഗ്രേയും തിരഞ്ഞെടുത്തു. ഈ വിഭാഗത്തിൽ വെറും ഒരു ശതമാനമാണ് കറുപ്പിന്റെ വിഹിതം. 

അതേസമയം, ഇടത്തരം വിഭാഗത്തിൽ വെളുപ്പിനു തൊട്ടു പിന്നിലാണു കറുപ്പിന്റെ സ്ഥാനം; കാർ ഉടമകളിൽ 40% വെളുപ്പ് തിരഞ്ഞെടുത്തപ്പോൾ 18% ആണു കറുപ്പിനു പിന്നാലെ പോയത്. നീല (16%), സിൽവർ (13%), ബ്രൗൺ(5%) എന്നിങ്ങനെയാണു മറ്റു നിറങ്ങളുടെ സ്ഥാനം.  രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് കഴിഞ് വർഷം ഇന്ത്യയിൽ വിറ്റത് 33,94,756 യാത്രാവാഹനങ്ങളായിരുന്നു. 2017ൽ വിറ്റ 32,30,614 എണ്ണത്തെ അപേക്ഷിച്ച് 5.08% അധികമാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA