ദേശീയപാതയിൽ ചാർജിങ് കേന്ദ്രം തുറക്കാൻ ഭെൽ

charging-station
SHARE

ഡൽഹി- ചണ്ഡീഗഢ് ദേശീയപാതയിൽ വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കാൻ പൊതു മേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്(ബി എച്ച് ഇ എൽ) രംഗത്ത്. 250 കിലോമീറ്റർ നീളമുള്ള ദേശീയപാതയിൽ നിശ്ചിത ഇടവേളകളിൽ സൗരോർജാധിഷ്ഠിത ചാർജിങ് കേന്ദ്രം സ്ഥാപിക്കാനാണു ബി എച്ച് ഇ എല്ലിന്റെ പദ്ധതി. കൃത്യമായ ഇടവേളകളിൽ ചാർജിങ് കേന്ദ്രങ്ങൾ തുറക്കുന്നത് വൈദ്യുത വാഹന ഉപയോക്താക്കളുടെ ആശങ്കകൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ. ഒപ്പം നഗരങ്ങൾക്കിടയിലെ യാത്രയ്ക്കും വൈദ്യുത വാഹനം ഉപയോഗിക്കാൻ ഉടമസ്ഥരെ പ്രേരിപ്പിക്കാൻ ഈ നടപടിയിലൂടെ സാധിക്കുമെന്നാണു വിലയിരുത്തൽ.

ചാർജിങ് കേന്ദ്രങ്ങളുടെ രൂപകൽപ്പനയും എൻജിനീയറിങ്ങും നിർമാണവും വിതരണവും സ്ഥാപിക്കലുമെല്ലാം സ്വയം നിർവഹിക്കുമെന്നു ബി എച്ച് ഇ എൽ വ്യക്തമാക്കി. ഒപ്പം ചാർജിങ് സെന്ററുകളുടെ കേന്ദ്രീകൃത മേൽനോട്ടത്തിനും സംവിധാനം ഏർപ്പെടുത്തും.

ചാർജിങ് കേന്ദ്രങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സൗരോർജ പാനൽ വഴിയാണു ശാലയുടെ പ്രവർത്തനത്തിനുള്ള വൈദ്യുതി കണ്ടെത്തുക. എല്ലാ കേന്ദ്രത്തിലും സാധാരണ ചാർജറുകൾക്കു പുറമെ അതിവേഗ ചാർജറുകളും  സജ്ജീകരിക്കും. 

അതേസമയം, ചാർജിങ് കേന്ദ്രങ്ങളുടെ പ്രവർത്തനം എപ്രകാരമാവുമെന്നു ബി എച്ച് ഇ എൽ വെളിപ്പെടുത്തിയിട്ടില്ല. ചാർജിങ് സൗകര്യം ഉപയോഗിക്കാൻ കാർ ഉടമകൾ പണം മുടക്കേണ്ടി വരുമോയെന്നും വ്യക്തമല്ല.

അതേസമയം വൈദ്യുത വാഹന വ്യാപനം ലക്ഷ്യമിട്ടു കേന്ദ്ര ഘനവ്യവസായ മന്ത്രാലയം നടപ്പാക്കുന്ന ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ്(ഹൈബ്രിഡ് ആൻഡ്) ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ(ഫെയിം) പദ്ധതിയിൽ പെടുത്തിയാണ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് ബി എച്ച് ഇ എൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

കമ്പനിയുടെ പ്രവർത്തനം വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ബി എച്ച് ഇ എൽ ‘ഇ മൊബിലിറ്റി’ മേഖലയിൽ പ്രവേശിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിൽ ന്യൂഡൽഹിയിലെ ഉദ്യോഗ് ഭവനിൽ കമ്പനി ഡി സി ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA