ലിഥിയം അയോൺ ബാറ്ററി നിർമിക്കാൻ ബി എച്ച് ഇ എൽ

bhel
SHARE

ഇന്ത്യയിൽ ലിഥിയം അയോൺ ബാറ്ററി നിർമാണശാല സ്ഥാപിക്കാൻ പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്(ബി എച്ച് ഇ എൽ) ഒരുങ്ങുന്നു. ലിബ്കോയിനുമായി സഹകരിച്ച് ഒരു ഗിഗാവാട്ട് അവർ(വൺ ജി ഡബ്ല്യു എച്ച്) ശേഷിയുള്ള ലിഥിയം അയോൺ ബാറ്ററി പ്ലാന്റാണു ‘ഭെൽ’ പരിഗണിക്കുന്നത്. ഭാവിയിൽ ഉൽപ്പാദനശേഷി 30 ജി ഡബ്ല്യു എച്ച് വരെയായി വർധിപ്പിക്കാൻ കഴിയുംവിധമാവും ശാലയുടെ രൂപകൽപ്പന.

പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ട ഗവേഷണ, വികസന സൗകര്യങ്ങളും സാങ്കേതിക — വാണിജ്യ പ്രസ്നങ്ങളും പഠിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കാനും ബി എച്ച് ഇ എൽ തീരുമാനിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ അവലോകനവും ശുപാർശയും അടിസ്ഥാനമാക്കിയാവും ബാറ്ററി നിർമാണശാലയ്ക്കുള്ള സംയുക്ത സംരംഭം സംബന്ധിച്ച കമ്പനി തുടർനടപടികൾ സ്വീകരിക്കുക. വൈദ്യുത വാഹനങ്ങളുടെ അനിവാര്യ ഘടകമായ ബാറ്ററി നിർമാണം വ്യാപകമാവുന്നത് അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാവുമെന്നാണു പ്രതീക്ഷ.

‘ഇന്ത്യയ്ക്കായി, ഇന്ത്യയിൽ നിർമിക്കുക’ എന്ന പദ്ധതിയിലും ബാറ്ററി നിർമാണശാല ഉൾപ്പെടുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു; തന്ത്രപ്രധാന ഘടകങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയാണു കേന്ദ്ര സർക്കാർ നയം. സംയോജിത നിർമാണ സാഹചര്യം സൃഷ്ടിക്കുക വഴി സ്വയം പര്യാപ്തത കൈവരിക്കാനും ചെലവ് കുറയ്ക്കാനുമാവുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.

അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ ഡൽഹിയടക്കമുള്ള നഗരങ്ങൾ വർഷങ്ങളായി തീവ്രശ്രമം നടത്തുന്നുണ്ട്. ഗതാഗത മേഖലയിൽ വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ പ്രശ്നത്തിനുള്ള പ്രധാന പരിഹാരമാർഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ വർഷത്തോടെ വൈദ്യുത കാറുകളുടെ എണ്ണം ആഗോളതലത്തിൽ 10 ലക്ഷം യൂണിറ്റിലെത്തിയിരുന്നു. പാരിസ് കാലാവസ്ഥ ഉടമ്പടി പാലിക്കപ്പെടുന്നപക്ഷം 2030 ആകുന്നതോടെ വൈദ്യുത കാറുകളുടെ എണ്ണം 14 കോടിയിലെത്തുമെന്നാണ് രാജ്യാന്തര ഊർജ ഏജൻസി കണക്കാക്കുന്നത്. പാരിസ് ഉടമ്പടി നടപ്പാക്കുന്നതിന് ഇന്ത്യയും പിന്തുണ നൽകിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA