ബുള്ളറ്റ്പ്രൂഫ് വാഹനം സ്വന്തമാക്കാൻ കൊച്ചി വിമാനത്താവളം

4X4-Mine-Protected-Vehicle-(MPV)
SHARE

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗമായ സിഐഎസ്എഫിന് ബുള്ളറ്റ് പ്രതിരോധ വാഹനം (ബിആർവി) വാങ്ങുന്നു. ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനാണ് ആയുധങ്ങളും മറ്റും സജ്ജീകരിക്കാവുന്ന ഈ പ്രത്യേക വാഹനം വിമാനത്താവള സുരക്ഷാ വിഭാഗം സ്വന്തമാക്കുന്നത്.

വിമാനത്താവളങ്ങളിലെ സുരക്ഷാ സേനയിലെ ദ്രുതകർമ വിഭാഗ(ക്യുആർടി)ങ്ങൾക്ക് വെടിയുണ്ടകളേൽക്കാത്തതും സ്ഫോടനങ്ങളിൽ തകരാത്തതും തീ പിടിക്കാത്തതുമായ വാഹനങ്ങൾ നിർബന്ധമാക്കിക്കൊണ്ട് 2017 ഓഗസ്റ്റിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബിസിഎഎസ്) ഉത്തരവിറക്കിയിരുന്നു. ഭീകരാക്രമണങ്ങളുണ്ടായാൽ ആൾനാശമില്ലാതെ അതിനെ പ്രതിരോധിക്കാൻ സേനയെ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

ഇന്ത്യയിലാദ്യമായി ഡൽഹി വിമാനത്താവളത്തിലാണ് ബുള്ളറ്റ് പ്രതിരോധ വാഹനമെത്തിയത്. എന്നാൽ പ്രത്യേകമായി നിർമിച്ചതിനാൽ ഇതിന്റെ റജിസ്ട്രേഷൻ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇത്തരത്തിലുള്ള ആറു വാഹനങ്ങൾക്കാണ് ഡൽഹി വിമാനത്താവളം ഓർഡർ നൽകിയിരിക്കുന്നത്. ഒന്നിന് 1.5 കോടി രൂപ വില വരുന്ന വാഹനങ്ങളാണ് ഇവ. മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളും ഇത്തരം വാഹനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നു.

ഒരു കോടിയിൽ താഴെ രൂപ വില വരുന്ന വാഹനമാണ് കൊച്ചി വിമാനത്താവളത്തിൽ വാങ്ങാനുദ്ദേശിക്കുന്നത്. ഇതിനായുള്ള താൽപര്യപത്രം പല കമ്പനികളും നൽകിക്കഴിഞ്ഞു. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെ ആവശ്യങ്ങൾക്കനുസൃതമായാണ് നിർമിച്ചു നൽകുന്നത്. വാഹനനിർമാതാക്കളായ മഹീന്ദ്രയും ടാറ്റയും ഇത്തരം വാഹനം നിർമിച്ചു നൽകാമെന്ന് സിയാലിനെ അറിയിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ ഇത്തരം വാഹനങ്ങൾ ഡൽഹി പൊലീസും ഇന്ത്യൻ ആർമിയും നിലവിൽ ഉപയോഗിക്കുന്നുണ്ട്.

ഡ്രൈവറടക്കം ആറു പേർക്കു കയറാവുന്നതും ആയുധങ്ങൾ സജ്ജീകരിക്കാവുന്നതും അതേ സമയം സ്ഫോടനം, വെടിവയ്പ് എന്നിവയെ പ്രതിരോധിക്കാവുന്നതും തീ പിടിക്കാത്തതുമായ വാഹനമാണ് കൊച്ചിയിൽ വാങ്ങാനുദ്ദേശിക്കുന്നത്. ടാറ്റയുടെ വാഹനത്തിന്റെ പ്രവർത്തനത്തിൽ കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം സംതൃപ്തരാണ്. എന്നാൽ ഡൽഹി വിമാനത്താവളത്തിലെ വാഹനത്തിന്റെ പ്രവർത്തനം തുടങ്ങി അത് വിലയിരുത്തിക്കഴിഞ്ഞ ശേഷമേ വാഹനത്തിനുള്ള ഓർഡർ നൽകുകയുള്ളൂ. ഓർഡർ നൽകിയാൽ ആറു മാസത്തിനുള്ളിൽ വാഹനം നിർമിച്ചു നൽകാൻ  കഴിയുമെന്ന് അധികൃതരെ വാഹനനിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA