ADVERTISEMENT

ബജാജ് ഡൊമിനിറിന്റെ പുതുതലമുറ മോഡൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതിനു മുന്നോടിയായി രാജ്യത്തെ ഡീലർഷിപ്പുകൾ ബൈക്കിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി. 5,000 രൂപ അഡ്വാൻസ് ഈടാക്കിയാണു ഡീലർമാർ ‘2019 ഡൊമിനറി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഏതാനും മാസമായി ഡൊമിനർ 400 ബൈക്കിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണ ഓട്ടം ബജാജ് ഓട്ടോ നടത്തുന്നുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന കെ ടി എം ബൈക്കുകളോടു സാമ്യമുള്ള അപ്സൈഡ് ഡൗൺ ഫോർക്കാണു പുതിയ ഡൊമിനറിൽ ബജാജ് ഉപയോഗിച്ചിരിക്കുന്നത്. 

ബ്രേക്ക് സംവിധാനവും കെ ടി എമ്മിൽ നിന്നു കടമെടുത്തതാണെന്നാണു സൂചന; എങ്കിലും ഡൊമിനിറിന്റെ ക്രൂസർ സ്വഭാവം മുൻനിർത്തി ഡാംപിങ്ങിൽ ബജാജ് വ്യത്യാസം വരുത്തിയിട്ടുണ്ടാവാം. ടാങ്ക് പാനൽ രൂപകൽപ്പന പരിഷ്കരിച്ചതും എക്സോസ്റ്റ് സംവിധാനം നവീകരിച്ചതുമൊക്കെയാണു ബൈക്കിലെ മറ്റു പുതുമകൾ. ഇതിനു പുറമെ ‘ഡൊമിനറി’ന്റെ ഇൻസ്ട്രമെന്റേഷൻ സംവിധാനത്തിലും മാറ്റമുണ്ട്. ഗീയർ പൊസിഷൻ, ഓഡോമീറ്റർ, സമയം തുടങ്ങിയവ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സെക്കൻഡറി യൂണിറ്റാണു പരീക്ഷണ ഓട്ടസമയത്തു പുതിയ ഡൊമിനറിലുണ്ടായിരുന്നത്. ഇന്ധനത്തിന്റെ അളവ് പോലുള്ള കാര്യങ്ങൾ ഹാൻഡ്ൽ ബാറിൽ ഘടിപ്പിച്ച പ്രൈമറി ഡിസ്പ്ലേയിലേക്കു മാറ്റി. 

നിലവിലുള്ള ‘ഡൊമിനറി’ലെ 373 സി സി, സിംഗിൾ സിലിണ്ടർ എൻജിനു പരമാവധി 34.5 ബി എച്ച് പിയോളം കരുത്തും 35 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. എന്നാൽ പുതുതലമുറ ‘ഡൊമിനറി’ൽ ബജാജ് ‘കെ ടി എം 390 ഡ്യൂക്കി’ലെ ഡി ഒ എച്ച് സി എൻജിനിലേക്കുമാറുമെന്നാണു പ്രതീക്ഷ; ഇതോടെ എൻജിന്റെ പ്രകടനക്ഷമതയിൽ നേരിയ വർധനയ്ക്കു സാധ്യതയുണ്ട്. ഇതോടൊപ്പം എക്സോസ്റ്റിലെ പരിഷ്കാരം കൂടിയാവുന്നതോടെ മലിനീകരണ നിയന്ത്രണത്തിലെ പുത്തൻ നിലവാരം കൈവരിക്കാൻ ‘ഡൊമിനറി’നു സാധിക്കുമെന്നും ബജാജ് ഓട്ടോ കണക്കുകൂട്ടുന്നു.

വരുംആഴ്ചകളിൽ ‘2019 ഡൊമിനർ’ ഷോറൂമുകളിൽ എത്തുമെന്നാണു കരുതുന്നത്. നിലവിൽ 1.63 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില; പുതുമകളുടെയും പരിഷ്കാരങ്ങളുടെയും ഫലമായി ‘2019 ഡൊമിനറി’ന്റെ വിലയിൽ നേരിയ വർധനയും പ്രതീക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com