ADVERTISEMENT

റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചു ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ദേശീയ തലത്തിൽ ‘സേഫ് മൂവ്’ റോഡ് സുരക്ഷാ ക്യാംപെയ്ൻ അവതരിപ്പിച്ചു. ഫെബ്രുവരി 10 വരെയാണ് ‘സേഫ് മൂവ്’ പ്രചാരണ പരിപാടി തുടരുക.

നിരത്തിലുള്ളവർക്കൊപ്പം സ്വന്തം സുരക്ഷയും ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും സമൂഹത്തിൽ ക്രിയാത്മക മാറ്റം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതെന്നു ഹ്യുണ്ടേയ് മോട്ടോർ വിശദീകരിച്ചു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഹ്യുണ്ടേയ് മോട്ടോർ ഗ്രൂപ് തിരഞ്ഞെടുത്ത ദീർഘകാല പദ്ധതികളിൽപെടുന്ന പ്രധാന പരിപാടിയാണു ‘സേഫ് മൂവ്’ എന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വിപണന വിഭാഗം സീനിയർ ജനറൽ മാനേജരും ഗ്രൂപ് മേധാവിയുമായ പുനീത് ആനന്ദ് അഭിപ്രായപ്പെട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഇതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നടത്താനും ബ്രാൻഡ് എന്ന നിലയിൽ ഹ്യുണ്ടേയ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.

 കേന്ദ്ര സർക്കാർ പിന്തുടരുന്ന ‘സഡക് സുരക്ഷ — ജീവൻ രക്ഷ’ പ്രമേയം പിന്തുടർന്നാണു ഹ്യുണ്ടേയ് ഇക്കൊല്ലത്തെ റോഡ് സുരക്ഷാ വാരാചരണം പ്രമാണിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. റോഡുകളിൽ ജീവൻ നഷ്ടമാവാതിരിക്കാൻ സഹായിക്കുന്ന മാതൃകകൾ പ്രചരിപ്പിക്കാനാണു കമ്പനിയുടെ ശ്രമം.

അമിത വേഗം, ഗതാഗത നിയമ ലംഘനം, സീറ്റ് ബെൽറ്റ് ഉപയോഗം, കാൽനടക്കാരുടെ സുരക്ഷ തുടങ്ങി ഏഴു പ്രമേയങ്ങൾക്കു പ്രത്യേക പരിഗണന നൽകിയാവും ഹ്യുണ്ടേയ് ‘സേഫ് മൂവ്’ സംഘിപ്പിക്കുക. ഇക്കാലയളവിൽ ഹ്യുണ്ടേയ് ഷോറൂമുകളിലെത്തുന്ന വാഹനങ്ങൾക്ക് 20 പോയിന്റുകൾ ഉൾപ്പെട്ട സൗജന്യ പരിശോധനയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com