sections
MORE

പരമാവധി വേഗം 323 കീ.മി, സൂപ്പർ കാറുകളുടെ രാജാവാകാൻ ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

lamborghini-huracan-evo
Lamborghini Huracan Evo
SHARE

ഇറ്റാലിയൻ സൂപ്പർ സ്പോർട് കാർ നിർമാതാക്കളായ ലംബോർഗ്നിയിൽ നിന്നുള്ള ഹുറാകാന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. രൂപകൽപ്പനയിലെ മാറ്റങ്ങളും മെച്ചപ്പെട്ട എറോഡൈനമിക്സും  കരുത്തുറ്റ എൻജിനുമൊക്കെയായി എത്തുന്ന, ഹുറാകാൻ ഇവൊ എന്നു പേരിട്ട കാറിന് 3.73 കോടി രൂപയാണു രാജ്യത്തെ ഷോറൂം വില. കഴമൊഴിഞ്ഞ മോഡലായ ‘ഹുറാകാ’ന് ഇന്ത്യയിലെ ഷോറൂമുകളിൽ 3.71 കോടി രൂപയായിരുന്നു വില. 

രണ്ടു വർഷം മുമ്പ് 2017ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഹുറാകാൻ പെർഫോമന്റെയിലെ എൻജിനാണ് ഹുറാകാൻ ഇവൊയ്ക്കും കരുത്തേകുന്നത്. കാറിലെ 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ്, വി 10 എൻജിന് 640 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാനാവും; മുൻ മോഡലിലെ എൻജിനെ അപേക്ഷിച്ച് 30 ബി എച്ച് പി അധികമാണിത്. 600 എൻ എമ്മാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി ടോർക്ക്. 

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം. ഒൻപതു സെക്കൻഡിൽ 200 കിലോമീറ്റർ വേഗം കൈവരിക്കാനും കാറിനാവുമത്രെ. മുൻ മോഡലായ ‘ഹുറാകാ’നെ പോലെ മണിക്കൂറിൽ 323.50 കിലോമീറ്റർ തന്നെയാണു ‘ഹുറാകാൻ ഇവൊ’യ്ക്കു ലംബോർഗ്നി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. മുന്നിലും പിന്നിലും പുതിയ ബംപറും ഡിഫ്യൂസറും ഇടംപിടിച്ചതിനൊപ്പം ‘ഹുറാകാൻ ഇവൊ’യിൽ ഉയർന്നു നിൽക്കുന്ന ഇരട്ട എക്സോസ്റ്റ് പൈപ്പുമെത്തുന്നുണ്ട്. ഡൗൺഫോഴ്സും ഡ്രാഗുമായുള്ള സന്തുലനം മെച്ചപ്പെടുത്താൻ പുതിയ സംയോജിത ഡക്ക്ടെയിൽ സ്പോയ്ലറുമുണ്ട്. സൂപ്പർ സ്ലിപ്പറി അണ്ടർബോഡിയും പുത്തൻ ‘ഹുറാകാ’ന്റെ സവിശേഷതയാണ്.

എൻജിനിലെ മാറ്റത്തിനൊപ്പം ‘ഹുറാകാൻ ഇവൊ’യിൽ പുതിയ ഷാസി കൺട്രോൾ സംവിധാനവും ലംബോർഗ്നി അവതരിപ്പിക്കുന്നുണ്ട്. ‘ലംബോർഗ്നി ഡൈനമിക വെയ്സൊലൊ ഇന്റഗ്രേറ്റ’(എൽ ഡി വി ഐ) എന്നു പേരിട്ട ഈ സംവിധാനം കാറിന്റെ കുതിപ്പും റോൾ, പിച്ച് തുടങ്ങിയവയൊക്കെ നിരന്തരം നിരീക്ഷിക്കുന്നതിനപ്പം ഡ്രൈവിങ് ശൈലയിലും പ്രവചിക്കും. അകത്തളത്തിൽ 8.4 ഇഞ്ച്, കപ്പാസിറ്റീവ് ടച് സ്ക്രീനും സെന്റർ കൺസോളിൽ ഇടംപിടിക്കുന്നുണ്ട്. ക്ലൈമറ്റ് കൺട്രോൾ മുതൽ ആപ്ൾ കാർ പ്ലേ വരെ എല്ലാ സംവിധാനത്തിന്റെയും നിയന്ത്രണം കയ്യാളുന്ന ഇൻഫൊടെയ്ൻമെന്റ് സിസ്റ്റത്തിൽ അഡ്വാൻസ്ഡ് വോയ്സ് കമാൻഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭരണ ശേഷിയേറിയ ഹാർഡ് ഡിസ്കിനൊപ്പം ഇരട്ട കാമറ ടെലിമെട്രി സംവിധാനവുമുണ്ട്. ഇന്ത്യയിൽ ഫെറാരി ‘488 ജി ടി ബി’, ഔഡി ‘ആർ എയ്റ്റ് വി 10 പ്ലസ്’ തുടങ്ങിയവയോടാവും ‘ഹുറാകാൻ ഇവൊ’യുടെ മത്സരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA