ADVERTISEMENT

സെൽഫ് ഡ്രൈവിങ് വാഹനങ്ങളിലേക്കു ചൈനയും ബ്രിട്ടനും ഒരു ചുവടു കൂടി മുന്നോട്ട്. 5ജി ഉപയോഗിച്ചു ചൈനയിലെ ചോങ്ക്വിങ്ങിൽ സെൽഫ് ഡ്രൈവിങ് ബസിന്റെ തുടർപരിശോധനകൾ നടന്നുവരുന്നു. 12 സീറ്റ് ഇലക്ട്രിക് ബസിനു പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്റർ. അവശ്യ സാങ്കേതികവിദ്യകളായ റഡാർ, ലിഡാർ, കൺട്രോളർ ഏരിയ നെറ്റ്‌വർക് എന്നിവയെല്ലാം ബസിലുണ്ട്.

ഡ്രൈവർ കാബിനും സ്റ്റിയറിങ്ങുമില്ല. വേഗം ക്രമീകരിക്കുന്നതിലും ട്രാഫിക് സിഗ്നലുകൾ മനസ്സിലാക്കുന്നതിലുമെല്ലാം 5ജി ചടുലത പ്രകടം. ബ്രിട്ടനിൽ പൂർണസജ്ജമായ ഡ്രൈവർലെസ് കാറുകൾ 2021ൽ ഓടിത്തുടങ്ങുമെന്നു സർക്കാർ പ്രഖ്യാപിച്ചു. ട്രയലിനുള്ള പ്രാക്ടീസ് കോഡ് ഉടൻ പുറത്തിറക്കും. 

എങ്കിലും 2021ൽ ഡ്രൈവർലെസ് കാറുകൾ വ്യാപകമാക്കുമെന്ന ബ്രിട്ടന്റെ അവകാശവാദം വിദഗ്ധർ വിശ്വസിച്ചിട്ടില്ല. സാങ്കേതികതയ്ക്കപ്പുറം നിയമനിർമാണം, നിയമപാലനം, ഇൻഷുറൻസ്, ജനങ്ങളുടെ അവബോധം തുടങ്ങിയ കടമ്പകളുമുണ്ട്. ഏറ്റവും പ്രധാനം അവബോധമാണ്. കാർ യാത്രക്കാർ മാത്രമല്ല, വഴിയാത്രക്കാരും അവബോധം പങ്കിടണം. ഈയിടെ യുഎസിലെ അരിസോനയിൽ സെൽഫ് ഡ്രൈവിങ് ഊബർ ടാക്‌സി ഇടിച്ചു സ്ത്രീ മരിച്ച ശേഷം സെൽഫ് ഡ്രൈവിങ് കാറുകളെക്കുറിച്ചുള്ള ഭീതി പലർക്കുമുണ്ട്.

electrc-bus-1

കൂടുതൽ സുരക്ഷിതം

ജയൻ തോമസ്അസോഷ്യേറ്റ് പ്രഫസർ, യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡ

സെൽഫ് ഡ്രൈവിങ് കാറുകൾക്കു പ്രധാനമായും ആറു ലെവലുകൾ കൽപിച്ചിട്ടുണ്ട്. മനുഷ്യസഹായം ഏറെവേണ്ട ലെവൽ 0 മുതൽ പൂർണ ഓട്ടമാറ്റിക്കായ ലെവൽ 5 വരെ. ടെസ്‌ല ലെവൽ ത്രീയാണ്. റോഡിൽ ഓട്ടമാറ്റിക് രീതിയിൽ ഓടാമെങ്കിലും അത്യാവശ്യഘട്ടത്തിൽ മനുഷ്യസഹായം വേണം. ലെയ്‌ന്‍ മാറാനോ പാർക്ക് ചെയ്യാനോ സഹായം ആവശ്യമില്ല.

സെൽഫ് ഡ്രൈവിങ് കാറുകൾക്കു കുറ്റമറ്റ സെൻസിങ് സംവിധാനങ്ങളുണ്ട്. റഡാർ, ഇൻഫ്രറെഡ് തരംഗങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലിഡാർ, വിവിധ സെൻസറുകൾ, ക്യാമറ തുടങ്ങിയവ. ഇവയാണു കാർ വെയറബിളുകൾ. ഇവ തരുന്ന വിവരങ്ങൾ അപഗ്രഥിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുണ്ട്. 

എന്നാൽ ഇതു കുറ്റമറ്റതാകണമെങ്കിൽ വലിയ പഠനം ഇനിയും വേണം. ബ്രേക്ക് ഇടേണ്ടത് എപ്പോൾ ? മൃഗങ്ങൾ റോഡിലേക്കു കടന്നാൽ എന്തു ചെയ്യണം ? ഇങ്ങനെ വിവിധ സാഹചര്യങ്ങൾ കണ്ടുപരിചയിക്കണം. ഈയിടെ സെൽഫ് ഡ്രൈവിങ് കാർ അപകടമുണ്ടാക്കിയത് ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു സാഹചര്യം നേരിട്ടപ്പോഴാണ്. അപകടങ്ങൾ കണ്ട് ആശങ്കപ്പെടുന്നവർ വിമാനങ്ങളെ നോക്കൂ. ആദ്യരൂപത്തിൽ നിന്ന് അവ എത്ര മാറി. ഇപ്പോഴത്തെ വാഹനങ്ങളേക്കാൾ സുരക്ഷിതമായിരിക്കും ഭാവിയിലെ സെൽഫ് ഡ്രൈവിങ് കാറുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com