ADVERTISEMENT

ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഡീലർഷിപ്പുകൾ മലബാർ മേഖലയിൽ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ ഡീലർമാരായി വാഹന വ്യാപാര മേഖലയിലെ സജീവസാന്നിധ്യമായ അലിസൺ ഗ്രൂപ്പിനെയാണു കിയ മോട്ടോർ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ മലബാറിൽ ഇരുചക്ര, കാർ വ്യാപാര മേഖലയിലാണ് അലിസൺ ഗ്രൂപ്പിനു പ്രാതിനിധ്യമുള്ളത്. മലബാറിനു പുറമെ കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ ഡീലർഷിപ്പുകൾ തുറക്കാൻ കിയ മോട്ടോറിനു പദ്ധതിയുണ്ട്.

സ്പോർട്ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എസ് പി’യുമായി ഓഗസ്റ്റോടെ കിയ മോട്ടോർ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണു പ്രതീക്ഷ. ആന്ധ്ര പ്രദേശിലെ അനന്തപൂരിൽ സ്ഥാപിച്ച പുതിയ ശാലയിൽ കിയ മോട്ടോർ എസ് യു വിയുടെ പരീക്ഷണ ഉൽപ്പാദനവും ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം പുതിയ വിപണന ശൃംഖലയ്ക്കു തുടക്കമിടാനും കിയ മോട്ടോർ നടപടിയെടുത്തിട്ടുണ്ട്.രാജ്യവ്യാപകമായി 35 നഗരങ്ങളിൽ സാന്നിധ്യവുമായി ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കാനാണു കിയ മോട്ടോർ ഒരുങ്ങുന്നത്. ആഗോളതലത്തിൽ പിന്തുടരുന്ന ‘റെഡ് ക്യൂബ്’ രൂപകൽപ്പനയാവും ഇന്ത്യയിലെ ഷോറൂമുകൾക്കും കിയ സ്വീകരിക്കുക. ടെസ്റ്റ് ഡ്രൈവിന് അവസരമൊരുക്കാനും വിൽപ്പനാന്തര സേവനം ലഭ്യമാക്കാനുമായി കൂടുതൽ ടച് പോയിന്റുകളും കിയയുടെ പരിഗണനയിലുണ്ട്.

‘എസ് പി’ എസ് യു വിയുമായി പ്രവർത്തനം ആരംഭിക്കുന്ന കിയ ക്രമേണ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘കാർണിവൽ’, കോംപാക്ട് എസ് യു വി, ക്രോസ് ഹാച്ച്ബാക്ക് തുടങ്ങിയവയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണു സൂചന. 10 — 16 ലക്ഷം രൂപ വില നിലവാരത്തിൽ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന ‘എസ് പി’യുടെ പ്രധാന എതിരാളികൾ മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടോറിന്റെ ‘ക്രേറ്റ’യും നിസ്സാൻ ‘കിക്സ്’, റെനോ ‘കാപ്ചർ’ തുടങ്ങിയവരുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com