ADVERTISEMENT

ടി വി എസ് മോട്ടോർ കമ്പനിയുടെ ‘അപാച്ചെ ആർ ടി ആർ 160 ഫോർ വി’ ഇനി ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)ത്തോടെ വിൽപ്പനയ്ക്ക്. സിംഗിൾ ചാനൽ എ ബി എസ് സഹിതമെത്തുന്ന ബൈക്കിന് പുണെ ഷോറൂമിൽ 98,644 രൂപയാണു വില; എ ബി എസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 6,999 രൂപ അധികമാണിത്. സമാന എൻജിൻ ശേഷിയുള്ള ബൈക്കുകളിൽ എ ബി എസ് എത്തിയതോടെ ഇതേ നിലവാരത്തിലുള്ള വില വർധനയാണു നിലവിൽ വന്നത്.

‘അപാച്ചെ ആർ ടി ആർ 160 ഫോർ വി’യുടെ ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പായ ‘ആർ ടി ആർ 160 ഫോർ വി എഫ് ഐ’യിലാണു നിലവിൽ എ ബി എസ് ലഭ്യമായത്. ബൈക്കിന്റെ കാർബുറേറ്റർ പതിപ്പിലും വൈകാതെ എ ബി എസ് ഇടംപിടിക്കുമെന്നാണു പ്രതീക്ഷ. ഇതോടെ ഈ മോഡലിന്റെ വിലയിൽ 5,000 രൂപയുടെ വർധനയും നടപ്പാവാനാണു സാധ്യത.  ടി വി എസ് ശ്രേണിയിൽ സിംഗിൾ ചാനൽ എ ബി എസോടെ വിൽപ്പനയ്ക്കെത്തുന്ന ആദ്യ ബൈക്കാണ് ‘ആർ ടി ആർ 150 ഫോർ വി എഫ് ഐ’. മറ്റു മോഡലുകളിൽ ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനമാണു ടി വി എസ് ലഭ്യമാക്കിയിരുന്നത്. 

എ ബി എസിന്റെ വരവിനപ്പുറം സാങ്കേതികവിഭാഗത്തിൽ മറ്റു മാറ്റമൊന്നുമില്ലാതെയാണ് ‘ആർ ടി ആർ 160 ഫോർ വി എഫ് ഐ’യുടെ വരവ്. ബൈക്കിനു കരുത്തേകുന്നത് 159 സി സി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ്; പരമാവധി 16.8 പി എസ് കരുത്തും 14.8 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം, ‘ആർ ടി ആർ 160 ഫോർ വി’യിൽ എ ബി എസ് ഘടിപ്പിച്ചതു സംബന്ധിച്ച് ടി വി എസ് ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. 

ഇന്ത്യയിൽ വിൽക്കുന്ന, 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഈ ഏപ്രിൽ ഒന്നു മുതലാണു കേന്ദ്ര സർക്കാർ എ ബി എസ് നിർബന്ധമാക്കിയിരിക്കുന്നത്. അതുപോലെ 125 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിൽ കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)വും നിർബന്ധമാക്കുന്നുണ്ട്.

പ്രയോഗിക്കുന്നത് ഏതു ബ്രേക്കായാലും അതിന്റെ സ്വാധീനം മുൻ പിൻ ചക്രങ്ങളിൽ തുല്യമായി വിതരണം ചെയ്യുന്ന സംവിധാനമാണ് സി ബി എസ്. ബേക്ക് പ്രയോഗിച്ചാൽ വാഹനം നിശ്ചലമാവാനുള്ള ദൂരപരിധി കുറച്ച് സുരക്ഷ മെച്ചപ്പെടുത്തുകയാണ് സി ബി എസിന്റെ ദൗത്യം. ഏപ്രിൽ ഒന്നു മുതലാണ് ഇന്ത്യയിൽ വിൽക്കുന്ന ഇരുചക്രവാഹനങ്ങളിൽ സി ബി എസും നിർബന്ധമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com