ADVERTISEMENT

വൈദ്യുത വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിടാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘വാഗൻ ആർ ഇ വി’ അടുത്ത വർഷമെത്തിയേക്കും. 2020ൽ അരങ്ങേറ്റം കുറിക്കുന്ന ‘വാഗൻ ആർ ഇ വി’യുടെ വില ഏഴു ലക്ഷം രൂപയിൽ താഴെയാവുമെന്നാണു സൂചന. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം) ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം കൂടി ലഭിക്കുന്നതോടെയാണ് ‘വാഗൻ ആർ ഇ വി’ ഈ വിലയ്ക്കു വിപണിയിലെത്തുക. 

ഫെയിം ഇന്ത്യ പ്രകാരമുള്ള ഇളവുകൾ കൂടിയാവുന്നതോടെ ഏഴര ലക്ഷം രൂപ വിലയ്ക്കു ബാറ്ററിയിൽ ഓടുന്ന ‘വാഗൻ ആർ’ നിരത്തിലെത്തുമെന്നാണു വിലയിരുത്തൽ. ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിക്കുന്ന ഇളവുകൾക്കും ആനുകൂല്യങ്ങൾക്കും അനുസൃതമായി ഈ കണക്കുകൂട്ടലുകളിൽ മാറ്റത്തിനും സാധ്യതയേറെയാണ്. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ‘വാഗൻ ആർ ഇ വി’ക്ക് 1.24 മുതൽ 1.38 ലക്ഷം രൂപ വരെയാണു സബ്സിഡി പ്രതീക്ഷിക്കുന്നത്; ‘ഫെയിം ഇന്ത്യ’യുടെ രണ്ടാം ഘട്ടത്തിൽ ഈ ഇളവുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. 

‘വാഗൻ ആറി’ന്റെ വൈദ്യുത പതിപ്പ് 10 ലക്ഷം രൂപയ്ക്കു വിൽപ്പനയ്ക്കെത്തുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. എന്നാൽ വിലയിൽ 25 ശതമാനത്തോളം കുറവു വരുന്നതും ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ഓടുമെന്നതും ഇന്ത്യയിലെ വൈദ്യുത വാഹന വിപണിക്കു തന്നെ പുത്തൻ ഉണർവേകുമെന്നാണു പുതിയ പ്രതീക്ഷ. അതേസമയം, ‘വാഗൻ ആർ ഇ വി’യിൽ അതിവേഗ ചാർജിങ്  സൗകര്യമുണ്ടാവുമോ എന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല. 

‘വാഗൻ ആർ ഇ വി’എത്തുമ്പോൾ ബാറ്ററിയിൽ ഓടുന്ന എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ കാര്യമായ മത്സരവുമുണ്ടാവില്ലെന്നാണു സൂചന. സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്ന സാഹചര്യത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘ഇ ടു ഒ’ ഈ വർഷം നിരത്തൊഴിയുമെന്നാണു വിലയിരുത്തൽ. ഇതോടെ ‘വാഗൻ ആർ ഇ വി’യെ നേരിടാൻ തുടക്കത്തിൽ എതിരാളികളുമുണ്ടാവില്ല. 

നിലവിൽ വിൽപ്പനയ്ക്കുള്ള ‘വാഗൻ ആറി’ൽ നിന്നു വേറിട്ട രൂപകൽപ്പനയോടെയാവും ‘വാഗൻ ആർ ഇ വി’യുടെ വരവെന്നാണു കരുതുന്നത്. കൂടുതൽ സ്ഥലസൗകര്യം വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ മാരുതി സുസുക്കി നിലവിൽ വിപുലമായ പരീക്ഷണ ഓട്ടത്തിനു വിധേയമാക്കുന്നുമുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com