ADVERTISEMENT

അലക്ഷ്യമായി റോഡിൽ നിർത്തിയിരിക്കുന്ന ബസ്, അതിവേഗം അതിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന ലോറി, എതിരെ വരുന്ന പിക്ക്അപ്പ് വാൻ, അതിനിടയിൽ പെട്ടുപോകുന്ന വഴിയാത്രക്കാരൻ. കാണുന്നവരെ ഞെട്ടിക്കുന്ന അപകടത്തിന്റെ വിവരമാണിത്. കഴിഞ്ഞ ദിവസം നടന്ന ഈ അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്. ബസ് ഡ്രൈവറുടേയും അതോ ലോറി ഡ്രൈവറുടേയോ? ആരുടെ അശ്രദ്ധയാണീ അപകടം സൃഷ്ടിച്ചത് എന്നാണ് ചർച്ച.

രണ്ടു പേരുടേയും അശ്രദ്ധകൊണ്ടുണ്ടായ കുറ്റത്തിന് അനുഭവിക്കേണ്ടി വന്നത് നിരപരാധികളാണ്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും റോഡിൽ നിർത്തി ആളെക്കയറ്റിയ ബസിനെ ലോറി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ലോറി അമിത വേഗത്തിലായിരുന്നു എന്ന് വിഡിയോയിൽ നിന്നു വ്യക്തമാണ്. തൊട്ടടുത്ത പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ

∙ എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെ ഹനിക്കാതെയായിരിക്കണം ഓവർടേക്കിങ് നടത്താൻ. ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ടത് മുന്നിലോടിക്കൊണ്ടിരിക്കുന്ന വാഹനത്തെ ഇപ്പോൾ കടന്നുപോകേണ്ടതുണ്ടോ എന്നാണ്. കൂടാതെ ഓവർടേക്കിങ്ങിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം.

∙ ഓവർടേക്ക് ചെയ്യുന്നതിനുവേണ്ടി മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നിൽകൂടി പോകരുത്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവർടേക്കിങ്. എതിർദിശയിൽ നിന്നും വരുന്ന വാഹനത്തെ വ്യക്തമായി കാണാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ ഓവർടേക്ക് ചെയ്യരുത്.

∙ വളവുകളിലും റോഡ് കാണാൻ പറ്റാത്ത അവസ്ഥകളിലും ഓവർടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവർടേക്കു ചെയ്യാൻ സാധിക്കുന്നവിധം റോഡ് കാണാൻ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവർടേക്കിങ്. കൂടാതെ പിന്നിൽ നിന്നും വാഹനങ്ങൾ തന്നെ ഓവർടേക്കു ചെയ്യാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

∙ ഓവർടേക്കിങിന് മുമ്പായി വലതു വശത്തെ ഇൻഡിക്കേറ്റർ ചുരുങ്ങിയത് മൂന്നു സെക്കൻഡെങ്കിലും മുൻപായി പ്രവർത്തിപ്പിച്ചിരിക്കണം. കൂടാതെ ഓവർടേക്കിങ് കഴിഞ്ഞാൽ ഇടതുവശത്തേയ്ക്കുള്ള ഇൻഡിക്കേറ്റർ പ്രവർത്തിപ്പിച്ച് വാഹനം സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇടത്തേക്ക് ചേർക്കുക.

∙ വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവർടേക്ക് ചെയ്യാവൂ. ഇടതു വശത്തുകൂടിയുള്ള ഓവർടേക്കിങ് കർശനമായും ഒഴിവാക്കണം, എന്നാൽ മുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇൻഡിക്കേറ്റർ ലൈറ്റിട്ട് റോഡിന്റെ മധ്യഭാഗത്ത് കാത്തു നിൽക്കുകയാണെങ്കിലോ. നാലുവരിപ്പാതകളിൽ വലതുവശത്തെ ലെയിനിൽകൂടി പോകുന്ന വാഹനം വലത്തോട്ടു തിരിയുന്നതിന് ഇൻഡിക്കേറ്ററിട്ടാലും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ അനുവാദമുണ്ട്.

∙ കാൽനടയാത്രികൻ റോഡ് മുറിച്ചുകിടക്കുന്നതിനായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടക്കാൻ പാടില്ല. കൂടാതെ തിരക്കേറിയ ജങ്ഷനുകളിലും റോഡിന്റെ മധ്യത്തിലെ ഇടവിട്ടുള്ള വെള്ളവരയോടുചേർന്ന് തുടർച്ചയായ മഞ്ഞവരയുള്ള സ്ഥലത്തും മറികടക്കലുകൾക്ക് കർശന നിരോധനമുണ്ട്.

∙ കൂടാതെ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്ന വാഹനത്തിന് തടസമുണ്ടാക്കുന്ന തരത്തിൽ തന്റെ വാഹനത്തിന്റെ വേഗത കൂട്ടുക, ലെയിൻ മാറ്റുക തുടങ്ങിയ യാതൊരു പ്രവൃത്തിയും ചെയ്യാൻ പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com