ADVERTISEMENT

ഇന്ത്യയിൽ ഏറ്റവുമധികം കാറുകൾ വിൽക്കുന്ന എൻട്രിലെവൽ ഹാച്ച്ബാക്ക് വിപണി നോട്ടമിട്ട് ടാറ്റ. ടിയാഗൊയ്ക്കും ടിഗൊറിനും താഴെയുള്ള വിഭാഗത്തിലെ വിൽപ്പന സാധ്യതയിലാണു ടാറ്റ മോട്ടോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ സാന്നിധ്യമില്ലാത്ത ഈ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു കമ്പനി പുതിയ മിനി കാറിനുള്ള സാധ്യത തേടുന്നത്. എന്നാൽ ചെറുകാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

നിലവിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു കുത്തകയുള്ള മേഖലയാണിത്. പ്രതിമാസം ശരാശരി 20,000 യൂണിറ്റ് വിൽപ്പനയാണ് ഓൾട്ടോ നേടുന്നത്. ഈ വിഭാഗത്തിലെ എതിരാളികളും ന്യായമായ വിൽപ്പന കൈവരിക്കുന്നുണ്ട്. ഉൽപന്നശ്രേണിയിൽ നാനോ ഉണ്ടായിരുന്നപ്പോഴും ടാറ്റ മോട്ടോഴ്സിന് ഈ വിഭാഗത്തിൽ കാര്യമായ സ്വാധീനം നേടാൻ കഴിഞ്ഞിരുന്നില്ല. വിൽപ്പന സാധ്യതയേറിയ വിഭാഗങ്ങളിലെല്ലാം സാന്നിധ്യം ഉറപ്പിക്കുകയെന്ന തന്ത്രമാണു നിലവിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരുന്നത്. കോംപാക്ട് വിഭാഗത്തിലെ മികവാണു കമ്പനിക്കു പ്രതീക്ഷ സമ്മാനിക്കുന്നതും.

അജൈൽ ലൈറ്റ് ഫ്ളെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ (അഥവാ ആൽഫ) പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച ഹാച്ച്ബാക്കായ ‘ടിയാഗൊ’യും കോംപാക്ട് എസ് യു വിയായ നെക്സനും അടുത്തിടെ അനാവരണം ചെയ്ത പ്രീമിയം ഹാച്ച്ബാക്കായ ആൽട്രോസുമൊക്കെ ടാറ്റയ്ക്കു നേട്ടം സമ്മാനിച്ചിരുന്നു. ഭാവിയിൽ ആൽഫ, ഒമേഗ പ്ലാറ്റ്ഫോമുകളിൽ വികസിപ്പിച്ച കാറുകൾ മാത്രമാണു വിൽപ്പനയ്ക്കെത്തിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

നെക്സൻ, ടിയാഗൊ, ടിഗൊർ, ആൽട്രോസ്, മൈക്രോ എസ് യു വിയായ എച്ച് 2 എക്സ് തുടങ്ങി നാലു മീറ്റർ വരെ നീളമുള്ള കാറുകളാണ് ടാറ്റ ആൽഫ പ്ലാറ്റ്ഫോമിൽ യാഥാർഥ്യമാക്കുക; ഹെക്സ, ഹാരിയർ തുടങ്ങിയവയ്ക്ക് അടിത്തറയാവുന്നതാവട്ടെ ‌ഒമേഗ പ്ലാറ്റ്ഫോമാവും. നാനോയ്ക്കായി ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിച്ച ശാലയിൽ നിന്നാവും ആൽഫ പ്ലാറ്റ്ഫോമിലെ കാറുകൾ പുറത്തെത്തുകയെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com