ADVERTISEMENT

റേസ് ട്രാക്കിനെ പുളകം കൊള്ളിക്കാൻ അവതരിപ്പിച്ച 911 ജി ടി ടു ആർ എസ് കാറുകൾ വീണ്ടും നിർമിക്കാൻ നിർബന്ധിതരായി ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ. കയറ്റുമതിക്കിടെ ചരക്കുകപ്പലിലുണ്ടായ അഗ്നിബാധയിൽ ഏതാനും കാറുകൾ നഷ്ടപ്പെട്ടതോടെയാണ് 911 ജി ടി ടു ആർ എസ് വീണ്ടും നിർമിക്കാൻ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽ പെട്ട പോർഷെ തീരുമാനിച്ചത്.

കഴിഞ്ഞ 12ന് ഇറ്റാലിയൻ ചരക്ക് കപ്പലായ ഗ്രാൻഡ് അമേരിക്ക ഫ്രാൻസിലെ ലാ റോഷെലിനു സമീപം അറ്റ്ലാൻറിക് തീരത്തു മുങ്ങിയപ്പോൾ രണ്ടായിരത്തോളം കാറുകളാണു കടലിലായത്. ബ്രസീലിലേക്ക് പോർഷെ കയറ്റിവിട്ട നാലു 911 ജി ടി ടു ആർ എസ് കാറുകളും ഈ അപകടത്തിൽപെട്ട് കടലിൽ മുങ്ങിത്താണു. ജർമനിയിലെ ഹാംബുർഗിൽ നിന്നു കാസബ്ലാങ്കയിലേക്കും തുടർന്നു ബ്രസീലിലേക്കുമായിരുന്നു കപ്പലിന്റെ യാത്ര.

സാധാരണ ഗതിയിൽ ഉൽപ്പാദനം അവസാനിപ്പിച്ച കാർ ലഭ്യമാക്കുക സാധ്യമല്ലെങ്കിലും സവിശേഷ സാഹചര്യം പരിഗണിച്ചു 911 ജി ടി ടു ആർ എസ് വീണ്ടും ഉൽപ്പാദിപ്പിക്കാമെന്നാണ് പോർഷെയുടെ വാഗ്ദാനം. അടുത്ത മാസം വീണ്ടും കാർ നിർമിച്ചു ബ്രസീലിലെ ഉടമസ്ഥർക്കു ജൂണോടെ ‘911 ജി ടി ടു ആർ എസ്’ എത്തിക്കാമെന്നാണു പോർഷെയുടെ കണക്കുകൂട്ടൽ.

പോർഷെയ്ക്കു പുറമെ ഫോക്സ്‌വാഗൻ ഗ്രൂപ്പിലെ തന്നെ ഔഡി നിർമിച്ച എ ത്രീ, എ ഫൈവ്, ക്യു സെവൻ, ആർ എസ് ഫോർ, ആർ എസ് ഫൈവ് കാറുകളും അപകടത്തിൽപെട്ട കപ്പലിലുണ്ടായിരുന്നു. ഒപ്പം പോർഷെയുടെ കേമാൻ, ബോക്സ്റ്റർ, കയീൻ എന്നിവയും. റേസ് ട്രാക്കിൽ ഇന്ദ്രജാലം കാട്ടാൻ ലക്ഷ്യമിട്ടു പോർഷെ വികസിപ്പിച്ച 911 പതിപ്പായ ജി ടി ടു ആർ എസിന്റെ ഉൽപ്പാദനം കഴിഞ്ഞ മാസം അവസാനിപ്പിച്ചതാണ്. 2018 ജൂലൈയിൽ ഇന്ത്യയിലുമെത്തിയ കാറിനു കരുത്തേകുന്നത് 3.8 ലീറ്റർ, ഇരട്ട ടർബോഫ്ലാറ്റ് സിക്സ് എൻജിനാണ്; 700 ബി എച്ച് പിയോളം കരുത്തും 750 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച്, ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു റിയർ വീൽ ഡ്രൈവുള്ള കാറിലുള്ളത്. ആകെ 911 ജി ടി ടു ആർ എസ് കാറുകൾ 1,000 എണ്ണം മാത്രമാണു നിർമിക്കുകയെന്നു പോർഷെ മുമ്പേ പ്രഖ്യാപിച്ചിരുന്നതാണ.്

മാർച്ച് 10ന് അഗ്നിബാധ നേരിട്ട ഗ്രാൻഡ് അമേരിക്കയിൽ കാറുകൾക്കു പുറമെ 365 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഇതിൽ 45 കണ്ടെയ്നറിൽ അപകടകാരികളായ രാസവസ്തുക്കളുമുണ്ടായിരുന്നു. 10 ടണ്ണോളം ഹൈഡ്രോക്ലോറിക് ആസിഡും 70 ടൺ സൾഫ്യൂരിക് ആസിഡും കപ്പലിൽ കൊണ്ടുപോയിരുന്നു. 27 ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്; ഇവരെ ആ വഴി വന്ന ‘എച്ച് എം എസ് അർഗിൽ’ എന്ന കപ്പൽ രക്ഷപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com