ADVERTISEMENT

റോയൽ എൻഫീൽഡ് വിദേശത്തു സ്ഥാപിക്കുന്ന ആദ്യ അസംബ്ലിങ് ശാല തായ്‌ലൻഡിൽ പ്രവർത്തനം തുടങ്ങും. ഇതിനു മുന്നോടിയായി തായ്‌ലൻഡിൽ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം ആരംഭിക്കുമെന്നും ഐഷർ ഗ്രൂപ്പിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പാണു ബുള്ളറ്റ് ശ്രേണിയിലെ ബൈക്കുകൾ തായ്‌ലൻഡിൽ വിൽപ്പനയ്ക്കെത്തിയത്. വിപണിയിൽ മികച്ച സ്വീകാര്യത കൈവരിച്ച സാഹചര്യത്തിൽ ഈ ജൂണോടെ തായ്‌ലൻഡിലെ അസംബ്ലിങ് ശാല പ്രവർത്തനക്ഷമമാക്കാനാണു റോയൽ എൻഫീൽഡ് തയാറെടുക്കുന്നത്. 

ബാങ്കോക്കിലെ ഏക സ്റ്റോറുമായിട്ടായിരുന്നു 2016ൽ റോയൽ എൻഫീൽഡ് തായ് വിപണിയിൽ പ്രവേശിച്ചത്. എന്നാൽ അടുത്ത മാർച്ചോടെ 15 ഡീലർഷിപ്പുകളും 25 അംഗീകൃത സർവീസ് സെന്ററുകളുമുള്ള വിൽപ്പന, വിൽപ്പനാന്തര സേവന ശൃംഖല ഉറപ്പാക്കാനുള്ള ശ്രമത്തിലാണു കമ്പനി ഇപ്പോൾ.  ഗ്രേറ്റർ ബാങ്കോക്ക്, ഫുകെറ്റ്, പട്ടായ, ചിയാങ് മായ് മേഖലകളിലെല്ലാം സാന്നിധ്യം ഉറപ്പിക്കാനാണു റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്. ദക്ഷിണ പൂർവ ഏഷ്യയിൽ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 ബൈക്കുകൾ വിൽപ്പനയ്ക്കെത്തിയ ആദ്യ വിപണികളിലൊന്നുമായിരുന്നു തായ്ലൻഡ്. 650 ട്വിൻസ് എന്ന വിളിപ്പേരുള്ള ബൈക്കുകൾക്ക് തായ്‌ലൻഡിൽ എഴുനൂറോളം ബുക്കിങ് ലഭിച്ചെന്നാണു റോയൽ എൻഫീൽഡിന്റെ അവകാശവാദം.

യു കെയിൽ പിറന്ന് ഇന്ത്യയിൽ വിജയം കൊയ്ത റോയൽ എൻഫീൽഡിന്റെ മൂന്നാം വീടാണു തായ്ലൻഡെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിദ്ധാർഥ ലാൽ അഭിപ്രായപ്പെട്ടു. തായ് വിപണിയിൽ ഇടത്തരം ബൈക്ക് വിഭാഗത്തിലെ വിടവ് നികത്താൻ റോയൽ എൻഫീൽഡിനു കഴിയുമെന്നതിനു തെളിവാണ് ‘650 ട്വിൻസി’ന് ഇവിടെ ലഭിച്ച വരവേൽപ്പെന്നും അദ്ദേഹം അവകാശപ്പെട്ടു. തായ്ലൻഡിലെ ഇരുചക്രവാഹന ഉടമകൾ ദീർഘ ദൂരയാത്രകളിലേക്കും ഉല്ലാസത്തിനായുള്ള റൈഡുകളിലേക്കും മുന്നേറുമ്പോൾ സ്വാഭാവികമായും റോയൽ എൻഫീൽഡിനു പുതിയ സാധ്യതകളാണു തുറന്നു കിട്ടുക. പ്രാദേശികതലത്തിൽ പ്രവർത്തനം ആരംഭിക്കുക വഴി തായ്‌ലൻഡിനോടും അവിടുത്തെ വാഹന ഉടമകളോടും കൂടുതൽ ചേർന്നു നിൽക്കാനാണു റോയൽ എൻഫീൽഡ് ശ്രമിക്കുന്നതെന്നും ലാൽ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com