ADVERTISEMENT

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട് നേപ്പാളിലെ ലുക്‌ല വിമാനത്താവളം. എവറസ്റ്റ് കൊടുമുടിയുടെ സമീപത്തായി മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടുത്തെ റൺവേ ചെറുതായതിനാലാണ് ലോകത്തെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളമായി ലുക്‌ല കണക്കാക്കപ്പെടുന്നത്. ഇത് അടിവരയിട്ട് ഉറപ്പിക്കുകയാണ് കഴിഞ്ഞ ദിവസം സംഭവിച്ച അപകടം.

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങിയ ചെറു വിമാനം ഇടിച്ചത് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഹെലികോപ്റ്ററിൽ. അപകടത്തിൽ സഹ പൈലറ്റും 2 പൊലീസുകാരും മരണമടഞ്ഞു. സ്വകാര്യ കമ്പനിയുടെ ചെറുവിമാനമാണു നേപ്പാളിലെ ലുക്‌ലയിലുള്ള ടെൻസിങ് ഹിലരി വിമാനത്താവളത്തിലെ റൺവേയിൽ തെന്നി അപകടമുണ്ടാക്കിയത്.

സഹപൈലറ്റ് എസ്. ധുങ്കണയും ഹെലികോപ്റ്ററിനു സമീപത്തുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ റാം ബഹാദൂർ ഖഡ്കയും തൽക്ഷണം മരിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രുദ്ര ബഹാദൂർ ശ്രേഷ്ഠ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.വിമാനം ഓടിച്ച ക്യാപ്റ്റൻ ആർ. ബി. റോക്കയ, കോപ്റ്ററിലുണ്ടായിരുന്ന ക്യാപ്റ്റൻ ചേത് ഗുരുങ് എന്നിവർക്ക് സാരമായ പരിക്കേറ്റു. വിമാനത്തിൽ യാത്രക്കാരാരുമുണ്ടായിരുന്നില്ല. പരിക്കുകളേൽക്കാതെ വിമാനത്തിലെ ഏക ജീവനക്കാരി രക്ഷപ്പെട്ടു. റൺവേയിൽ നിന്ന് 50 മീറ്ററോളം അകലെയായിരുന്നു കോപ്റ്റർ.

527 മീറ്റർ മാത്രമാണ് ലുക്‌ല വിമാനത്താവളത്തിലെ റൺവേയുടെ നീളം. ടെൻസിങ് നോർഗെയോടൊപ്പം ആദ്യമായി എവറസ്റ്റ് കൊടുമുടി കയറിയ എഡ്മണ്ട് ഹിലരിയാണ് ഈ വിമാനത്താവളത്തിന്റെ സ്ഥാപകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com