ADVERTISEMENT

ഒരുവശത്ത് കിക്കറും, അതുതന്നെ മറിച്ചിട്ട് ഗിയറുമാക്കി പടക്കം പൊട്ടുന്ന ശബ്ദത്തിൽ പോകുന്ന ജാവയെ ഒരിക്കൽ കണ്ടവരാരും മറക്കില്ല. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഹീന്ദ്രയായി രണ്ടാമങ്കത്തിന് എത്തിയെങ്കിലും പഴയ ജാവയോടുള്ള വാഹനപ്രേമികളുടെ സ്നേഹം മാറിയിട്ടില്ല. പഴയ ജാവ എവിടെ കണ്ടാലും വിടാതെ പിന്തുടരുന്ന നിരവധി ആരാധകർ ഇന്നുമുണ്ട്. അത്തരത്തിലൊരു വാഹനപ്രേമിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആക്രി പരുവത്തിലുള്ള ഒരു ജാവയെ സുന്ദരകുട്ടപ്പനാക്കിയ കഥ പങ്കുവെയ്ക്കുകയാണ് അജിത് രാമൻ എന്നയാൾ ഫെയ്സ്ബുക്കിലൂടെ.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു ദിവസം ഒരു ഫോൺകോൾ. അജിത്തേട്ടാ, ഒരു ജാവ ഒത്തുവന്നിട്ടുണ്ട്. 1966 മോഡൽ ഒറിജിനൽ ചെക്കോസ്‌ളോവാക്യ. എങ്ങിനാ? ഡീൽ ആക്കട്ടെ? വിളിച്ചത് എന്റെ അനുജൻ കിരൺ. ഓക്കേടാ.. നീ വണ്ടീടെ ഫോട്ടോ അയക്ക്‌ എന്ന് പറഞ്ഞു. അവൻ പറഞ്ഞു, ചേട്ടാ വണ്ടി സ്റ്റാൻഡിങ് പോലും അല്ല. ഫോട്ടോ കാണുമ്പോ എന്നെ തെറിവിളിക്കരുത് എന്ന്. പക്ഷെ അവനിൽ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് നല്ലതല്ലാത്ത ഒന്നും അവൻ ചെയ്യില്ല എന്ന്. 

അങ്ങനെ ഫോട്ടോസ് വന്നു. ഞെട്ടിപ്പോയി...കുറേ തുരുമ്പു പിടിച്ച പാർട്സ്. ജാവ ആണത്രെ ജാവ.. ഫോട്ടോ കണ്ടിട്ട് അവനെ തിരിച്ചു വിളിച്ചു ചോദിച്ചു. ആർ യൂ സീരിയസ്‌? ഇതോ ജാവ? പിന്നെ അവന്റെ വക ഒരു മുപ്പത് മിനിട്ട്‌ ക്ലാസ്. ചേട്ടാ ഈ ജാവ എന്നു പറഞ്ഞാൽ അത് ഇത് ലത്‌ എന്ന് പറഞ്ഞു അവൻ എന്നെ ആ ആക്രി വാങ്ങിയില്ലെങ്കിൽ ജീവിതത്തിൽ ഒരു തീരാ നഷ്ടം എന്നൊക്കെ പറഞ്ഞു എന്നെ ഇമോഷണലി ബ്ലാക്‌ മെയിൽ ചെയ്തു. ദുഷ്ടൻ. അങ്ങനെ അവനു ഞാൻ ഗോ എഹെഡ് സിഗ്‌നൽ കൊടുത്ത് ആ ആക്രി വാങ്ങി. അതും ഒരു യൂസ്ഡ് ന്യൂ ജെൻ ഡീസന്റ് വണ്ടിയുടെ വിലക്ക്. അതിന്റെ അടുത്ത ആഴ്ച അവൻ അതെല്ലാം പെറുക്കി ഒരു ചാക്കിൽ ആക്കി ഒരു സ്വിഫ്റ്റിൽ മൈസൂരിലേക്ക് വിട്ടു. 

ഐഡിയൽ ജാവ പുലി Shamsheer Ahamed ഇന്റെ പുലിമടയിലേക്ക്‌... പിന്നെ അവിടുന്ന് ഒരു മൂന്നു മാസത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. ഈ ആക്രി ഒരു ബൈക്ക് ആക്കാൻ മിനിമം ആറു മാസം ആയിരുന്നു എന്റെ മനസ്സിൽ. പക്ഷേ മൂന്നു മാസം തികയാൻ ഒരാഴ്ചക്ക് മുന്നേ കിരൺ എന്നെ വിളിച്ചു. ചേട്ടാ ജാവാ റെഡി.. ബില്ല് കൊടുത്താൽ വണ്ടി കല്ലടയിൽ കേറ്റി തൃശൂരെത്തും. ഞാൻ ഏതാണ്ട് ദിങ്ങനെ ആയി. നീ ഫോട്ടോ കാണിക്ക് എന്ന് പറഞ്ഞു. ഫോട്ടോ ചാറുപറാന്നു പറന്നു വന്നു. ഞാൻ ആകെ ബ്ലിങ്കസ്സ്യ. ആ ആക്രി ഇങ്ങനെ ആയോ? 

അതിന്റെ മൂന്നാം ദിവസം വണ്ടി തൃശ്ശൂർ വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോ ഞാൻ നാട്ടിലും എത്തി. കിരാ... വേഗം വായോ. ഞാൻ വിളിച്ചു. അവൻ വണ്ടിയും ആയി വന്നു. എന്റെ പൊന്നോ... ഒരു വണ്ടി ഭ്രാന്തൻ ആയതിൽ ഏറ്റവും ആഹ്ലാദിച്ച അഭിമാനിച്ച നിമിഷം ആയിരുന്നു അത്. ഇനി നിങ്ങളും ആ വണ്ടി കണ്ട് നോക്ക്. നിങ്ങളിൽ പലരും ആക്രി എന്ന് പറഞ്ഞു അവജ്ഞയോടെ നോക്കുന്ന പലതും ഇന്നലെയുടെ മണിമുത്തുകൾ ആണ്. ഇന്നും അവർ റോഡിൽ ഇറങ്ങിയാൽ നിങ്ങളുടെ വാ താനെ തുറക്കും. കാരണം അവരെ വെല്ലാൻ എളുപ്പമല്ല. പെർഫോമൻസ് മാത്രമല്ല ഇവിടെ മാനദണ്ഡം. അത് ഒരു സംസ്കാരം ആണ്. ഒരു കാലഘട്ടം ആണ്. അതിൽ ജീവനും ആത്മാവും ഉണ്ട്. ഇതിന് ചിലവായ തുക ആരും ചോദിക്കണ്ട. ഇതൊരു പ്രൈസ്‌ലെസ്സ്‌ അനുഭവം ആണ്, വസ്തു അല്ല. നമ്മുടെ വിന്റേജിനെ ബഹുമാനിക്കു, സംരക്ഷിക്കു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com