ADVERTISEMENT

ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയ ജാവയുടെ 100–ാമതു ഷോറൂം പ്രവർത്തനസജ്ജം. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഡീലർഷിപ്പുകളുടെ എണ്ണം നൂറിലെത്തിക്കുമെന്നായിരുന്നു അവതരണവേളയിൽ ജാവയുടെ പ്രഖ്യാപനം. നൂറാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്ത് തിരുപ്പതി, ഹുബ്‌ലി, ജംഷഡ്പൂർ, ടിൻസൂക്കിയ നഗരങ്ങളിലാണു ജാവയുടെ ഷോറൂമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ജാവ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ മധ്യത്തോടെ പുണെയിലായിരുന്നു ജാവ ആദ്യ ഷോറൂം തുറന്നത്; പുതിയ നാലു ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ നാലു മാസത്തിനകം ഡീലർഷിപ്പുകളുടെ എണ്ണത്തിൽ സെഞ്ചുറി പൂർത്തിയാക്കുകയാണു ജാവ. 

നിലവിൽ രണ്ടു മോഡലുകളാണു ജാവ ശ്രേണിയിലുള്ളത്: ജാവയും ഫോർട്ടി ടുവും. ഇരു ബൈക്കുകൾക്കും കരുത്തേകുന്നത് 293 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഡി ഒ എച്ച് സി എൻജിനാണ്. 27 ബി എച്ച് പിയോളം കരുത്തും പരമാവധി 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ബൈക്കുകൾക്ക് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 37.5 കിലോമീറ്ററാണെന്നും അടുത്തയിടെ ജാവ വെളിപ്പെടുത്തിയിരുന്നു.

സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്) സഹിതം ജാവയും ഫോർട്ടി ടുവും വിൽപ്പനയ്ക്കുണ്ട്. ജാവയുടെയും ഫോർട്ടി ടുവിന്റെയും സിംഗിൾ ചാനൽ എ ബി എസ് പതിപ്പുകൾക്ക് യഥാക്രമം 1.64 ലക്ഷം രൂപയും 1.55 ലക്ഷം രൂപയുമാണ് ഷോറൂം വില. അതേസമയം ഈ ബൈക്കുകളുടെ ഇരട്ട ചാനൽ എ ബി എസ് വകഭേദം സ്വന്തമാക്കാൻ യഥാക്രമം 1.72 ലക്ഷം രൂപയും 1.63 ലക്ഷം രൂപയു മുടക്കണം. സിംഗിൾ ചാനൽ എ ബി എസ് മോഡലുകളിൽ പിന്നിൽ ഡ്രം ബ്രേക്കുള്ളപ്പോൾ ഇരട്ട ചാനൽ എ ബി എസ് ബൈക്കിൽ പിന്നിലുള്ളത് ഡിസ്ക് ബ്രേക്കാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com