ADVERTISEMENT

അഞ്ചു ജില്ലകൾ, മിനിറ്റിൽ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ജംഗ്ഷനുകൾ, അഞ്ചര മണിക്കൂറിൽ താണ്ടിയത് 450 കിലോമീറ്റർ. കേരളക്കരയുടെ കൂട്ടായ്മ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി. അടിയന്തര ഹൃദയശസ്ത്രക്രിയ വേണ്ട നവജാതശിശുവുമായി മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാനായി നാടൊന്നാകെ ഒരുമിക്കുന്ന കാഴ്ച. ഓരോ ജംഗ്ഷനകളിലും വാഹനം നിയന്ത്രിച്ച് ആംബുലൻസിനെ കടത്തിവിട്ട ആളുകൾക്ക് ഇതു അഭിമാനനേട്ടം. ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചപ്പോൾ മനം നിറഞ്ഞത് ആംബുലൻസ് ഡ്രൈവർ കാസർകോഡ് ഉദുമ സ്വദേശി ഹസ്സൻ ദേളി മാത്രമായിരിക്കില്ല, ട്രാഫിക്കിനെ നിയന്ത്രിച്ച് വഴിയൊരുക്കിയവർക്കും അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ സമൂഹമാധ്യമങ്ങളിലുടെ വാർത്ത പ്രചരിപ്പിച്ചവർക്കുമായിരിക്കും.

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ട്രാഫിക്കിനെ അനുസ്മരിപ്പിക്കുന്ന ഈ യാത്ര കേരളത്തിന് അഭിമാനിക്കാനുള്ള വകയാണ് നൽകിയത്. ആംബുലൻസിന് വഴിയൊരുക്കണേ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവരിൽ മുഖ്യമന്ത്രി പണറായി വിജയൻ മുതൽ പ്രിയങ്കാ ഗാന്ധിവരെയുണ്ട്. തിരുവന്തപുരത്തേക്ക് കൊണ്ടുപോകാതെ ഹൃദ്യം പദ്ധതിയിൽ പെടുത്തി കുട്ടിയെ അമൃതയിൽ പ്രവേശിച്ചപ്പോൾ ഒരു നാട് ഒന്നടങ്കം മനസ്സുനിറഞ്ഞു ആഹ്ളാദിച്ചു.

ഹസ്സൻ ദേളിയുടെ രണ്ടാം ദൗത്യം

KL-60 - J 7739 എന്ന ആംബുലൻസ് ഓടിച്ചത് കാസർകോട് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസൻ ദേളി എന്ന 34–കാരനാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയല്‍ ഉദുമയുടേതാണ് ആംബുലൻസ്. ദീർഘകാലമായി ഹസൻ തന്നെയാണ് ഈ ആംബുലൻസ് ഓടിക്കുന്നത്. തന്‍റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ച ഹസനാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ഇന്നലെ രാവിലെ പതിനൊന്നിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 450 കി.മീ. ദൂരം അഞ്ചരമണിക്കൂറില്‍ പിന്നിട്ടാണ് ആംബുലന്‍സ് നാലരയോടെ കൊച്ചി അമൃതയിലെത്തിയത്. 100 നു മുകളിൽ വേഗതയിൽ പാഞ്ഞ വണ്ടി ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് ഹസൻ ഒരിറക്കു വെള്ളം പോലും കുടിക്കുന്നത്.

ഇതാദ്യമായല്ല ഹസൻ ദേളി ദീർഘദൂര യാത്രകൾ ഏറ്റെടുക്കുന്നത്. 2017 ഡിസംബർ പത്താം തീയതി മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം ഇതുപോലെ എത്തിച്ചിട്ടുണ്ട്. കാസർഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സൻ അന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമെടുത്തു ആ യാത്ര പൂർത്തിയാക്കാൻ. കാസര്‍കോട് സ്വദേശികളായ സാനിയ– മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് ഒരുക്കിയത്. കുട്ടിയുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com