ADVERTISEMENT

ബ്രേക്ക് കാലിപർ ബോൾട്ട് തകരാറുണ്ടെന്ന സംശയത്താൽ ഏഴായിരത്തോളം ബുള്ളറ്റ്, ബുള്ളറ്റ് ഇലക്ട്ര മോട്ടോർ സൈക്കിളുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നു. 2019 മാർച്ച് 20നും ഏപ്രിൽ 30നുമിടയ്ക്കു നിർമിച്ച ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ്, ബുള്ളറ്റ് 500 ബൈക്കുകൾക്കാണു പരിശോധന ആവശ്യമായി വരികയെന്നും കമ്പനി അറിയിച്ചു.

റോയൽ എൻഫീൽഡ് നിശ്ചയിച്ച ഗുണനിലവാരം പാലിക്കാത്ത ബ്രേക്ക് കാലിപർ ബോൾട്ടുകൾ ഏതാനും ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുണ്ടെന്നു റോയൽ എൻഫീൽഡ് കണ്ടെത്തിയിരുന്നു. ബ്രേക്ക് കാലിപർ ബോൾട്ടിലെ ടോർക് നിശ്ചിത നിലവാരത്തിലല്ലെന്നാണു കമ്പനി പരിശോധനകളിൽ കണ്ടെത്തിയത്. ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപറിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഘടകമാണ് ബ്രേക്ക് കാലിപർ ബോൾട്ട്.

ഈ പ്രശ്നത്തിന്റെ പേരിൽ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും സ്വന്തം നിലയ്ക്കു ബൈക്കുകൾ തിരിച്ചു വിളിച്ചു തകരാർ പരിഹരിക്കാൻ റോയൽ എൻഫീൽഡ് തീരുമാനിക്കുകയായിരുന്നു. പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ കമ്പനി നേരിട്ടു വിവരം അറിയിക്കുന്നുണ്ട്. ഒപ്പം മറ്റ് അധികൃതരെയും പരിശോധന സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുന്നുണ്ടെന്നു റോയൽ എൻഫീൽഡ് വെളിപ്പെടുത്തി.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 500 ബൈക്കിനു കരുത്തേകുന്നത് 499 സി സി എൻജിനാണ്. 27.5 ബി എച്ച് പി വരെ കരുത്തും 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം ബുള്ളറ്റ് 350, 350 ഇ എസ് ബൈക്കുകളിലെ 346 സിസി എൻജിന് 20 ബി എച്ച് പി വരെ കരുത്തും 28 എൻഎം ടോർക്കും സൃഷ്ടിക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com